പഞ്ചായത്ത് ഹാളിന് ഇഎംഎസിന്റെ പേരിട്ട മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്; വണ്ടൂരില്‍ മിഥുനയെ ഇറക്കി എല്‍ഡിഎഫ്, എ പി അനില്‍കുമാറിന്റെ കോട്ടയില്‍ തീപാറും

യുഡിഎഫിന്റെ ഉരുക്കുകോട്ടയായ വണ്ടൂര്‍ മണ്ഡലം പിടിക്കാന്‍ ഇത്തവണ എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് മുസ്ലിം ലീഗ് പാനലില്‍ വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ പി മിഥുനയെ
പി മിഥുന/ ഫെയ്‌സ്ബുക്ക്‌
പി മിഥുന/ ഫെയ്‌സ്ബുക്ക്‌

യുഡിഎഫിന്റെ ഉരുക്കുകോട്ടയായ വണ്ടൂര്‍ മണ്ഡലം പിടിക്കാന്‍ ഇത്തവണ എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് മുസ്ലിം ലീഗ് പാനലില്‍ വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ പി മിഥുനയെ.  മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന മിഥുനയും ലീഗും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സംവരണ മണ്ഡലമായ വണ്ടൂരില്‍ എ പി അനില്‍കുമാറാണ് സിറ്റിങ് എംഎല്‍എ. 

പഞ്ചായത്ത് എസ് സി സംവരണം ആയതോടെയാണ് മുസ്ലിം ലീഗിന്റെ പാനലില്‍ മത്സരിച്ച മിഥുന പഞ്ചായത്ത് പ്രസിഡന്റായത്. 2015ല്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതി മിഥുനയെ തേടിയെത്തി. രണ്ടുവര്‍ഷം കഴിഞ്ഞതോടെ കഥയാതെ മാറി. പ്രസിഡന്റ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ലീഗ് രംഗത്തെത്തി. 

ഇടതുപക്ഷ യുവജന സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മിഥുന എല്‍ഡിഎഫിലേക്കുള്ള ചായ്‌വ് ആദ്യം പ്രകടിപ്പിച്ചത്.  മന്ത്രി കെ ടി ജലീലിന് എതിരെ ലീഗ് സമരം നടത്തുന്ന സമയത്ത് അദ്ദേഹം പങ്കെടുത്ത കുടിവെള്ള പദ്ധതി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുത് എന്ന ലീഗ് നിര്‍ദേശം മറികടന്ന പ്രസിഡന്റിന്റെ നടപടി വീണ്ടും ഭിന്നത കൂട്ടി. 

വനിതാ മതില്‍ ഉള്‍പ്പെടെയുള്ള ഇടതുപരിപാടികളില്‍ മിഥുന സ്ഥിരമായി പങ്കെടുത്തു. ബോര്‍ഡ് യോഗങ്ങളില്‍ പ്രതിപക്ഷ നിലപാടുകള്‍ അംഗീകരിക്കുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങളെത്തി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഹാളിന് ഇഎംഎസിന്റെ പേരിട്ടു. 

ഇതുകൂടി ആയപ്പോള്‍ കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങി. ഗ്രാമസഭയില്‍ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന പ്രസിഡന്റിന്റെ പരാതിയില്‍ കേസായി. ഭരണപക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിരുത്തിയാണ് മിഥുന ഭരണം പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സിപിഎം സീറ്റും തേടിയെത്തി. 

മുസ്ലിം ലീഗിനെ വെള്ളംകുടിപ്പിച്ച ചരിത്രമുണ്ടെങ്കിലും വണ്ടൂരില്‍ സിപിഎമ്മിനെ വിജയിത്തിലെത്തിക്കാന്‍ മിഥുനയ്ക്ക് ശരിക്കും വിയര്‍ക്കേണ്ടിവരും. മണ്ഡലരൂപീകരണത്തിന് ശേഷം ഒരൊറ്റത്തവണയാണ് വണ്ടൂരില്‍ ചെങ്കൊടി പാറിയത്. 1987മുതല്‍ മണ്ഡലം അടക്കിവാണ പന്തളം സുധാകരനെ 1996ല്‍ സിപിഎമ്മിന്റെ എന്‍ കണ്ണന്‍ തറപറ്റിച്ചു.

2001ല്‍ എ പി അനില്‍കുമാര്‍ വണ്ടൂരിനെ വീണ്ടും യുഡിഎഫ് വഴിയേ നടത്തി. സിറ്റിങ് എംഎല്‍എയായ അനില്‍കുമാര്‍ തന്നെ ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. 2016ല്‍ സിപിഎമ്മിന്റെ കെ നിശാന്തിന് എതിരെ 81,964വോട്ട് നേടിയാണ് അനില്‍കുമാര്‍ വിജയിച്ചത്. നിശാന്തിന് കിട്ടിയത് 58,100വോട്ട്. 

പാര്‍ട്ടിയെ പരിഹസിച്ച് തന്നിഷ്ടം നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് എതിര്‍സ്ഥാനാര്‍ത്ഥിയായി വരുമ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വീറും വാശിയും ഇനിയും കൂടാനാണ് സാധ്യത, ചുരുക്കി പറഞ്ഞാല്‍ വണ്ടൂരില്‍ തീപാറുന്ന പോരാട്ടം തന്നെ നടക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com