നേമത്ത് കെ മുരളീധരന്‍ ?; ഉമ്മന്‍ചാണ്ടിയും പരിഗണനയില്‍ ; തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2021 07:20 AM  |  

Last Updated: 11th March 2021 08:07 AM  |   A+A-   |  

muraleedharan

മുരളീധരന്‍, ഉമ്മന്‍ചാണ്ടി / ഫെയ്‌സ്ബുക്ക്

 

ന്യൂഡല്‍ഹി : കഴിഞ്ഞ തവണ ബിജെപി ജയിച്ച തിരുവനന്തപുരത്തെ നേമത്ത് കെ മുരളീധരന്‍ എംപിയെ മല്‍സരിപ്പിക്കാന്‍ നീക്കം. നേമത്ത് കെ മുരളീധരനെ രംഗത്തിറക്കണമെന്ന് ഹൈക്കമാന്‍ഡില്‍ ആലോചനയുണ്ട്. മല്‍സരിക്കുന്ന കാര്യത്തില്‍ മുരളീധരന്‍ അനുകൂല നിലപാട് അറിയിച്ചതായാണ് സൂചന. എന്നാല്‍ സ്ഥാനാര്‍ത്ഥിയായാല്‍ പ്രചാരണ സമിതി അധ്യക്ഷനാകില്ലെന്ന് മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

നേമത്ത് ഉമ്മന്‍ചാണ്ടിയും വട്ടിയൂര്‍ക്കാവില്‍ രമേശ് ചെന്നിത്തലയും മല്‍സരിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദേശത്തോട് ഇരുനേതാക്കളും പ്രതികരിച്ചിട്ടില്ല. നേമത്ത് കരുത്തനെ രംഗത്തിറക്കുന്നതോടെ സംസ്ഥാനത്ത് മുഴുവന്‍ യുഡിഎഫ് കേന്ദ്രങ്ങളിലും ഇത് തരംഗമാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. 

നേമത്ത് ഉമ്മൻ ചാണ്ടി അല്ലെങ്കിൽ കെ മുരളീധരൻ. ഈ രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കഴിഞ്ഞതവണ ഒ രാജഗോപാല്‍ ജയിച്ച മണ്ഡലത്തില്‍ കെ മുരളീധരനെ കൊണ്ടുവരുന്നത് ബി ജെപിയെ പ്രതിരോധിക്കുന്നത് സിപിഎം ആണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടക്കമുളള നേതാക്കളുമായി കെ മുരളീധരന്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.