'ഞങ്ങള്‍ ഇവിടെ ഒക്കെ കാണും, അങ്ങ് കോണ്‍ഗ്രസില്‍ തന്നെ കാണും എന്ന് ഉറപ്പ് നല്‍കാമോ?' ; പന്തളം സുധാകരനോട് ബെന്യാമിന്‍

പന്തളം പ്രതാപന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപി യില്‍ ചേര്‍ന്നത് ഞങ്ങള്‍ എന്തിന്റെ സൂചന ആയി വേണം കാണാന്‍?
ബെന്യാമിന്‍, പന്തളം സുധാകരന്‍ / ഫയല്‍ ചിത്രം
ബെന്യാമിന്‍, പന്തളം സുധാകരന്‍ / ഫയല്‍ ചിത്രം


തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനെതിരെ സാഹിത്യകാരന്‍ ബെന്യാമിന്‍. ഡോ, ദിവ്യ എസ് അയ്യരുടെ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പന്തളം സുധാകരന്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പിനെതിരെയാണ് ബെന്യാമിന്‍ രംഗത്തു വന്നത്. 

താന്‍ ആ ചടങ്ങില്‍ പങ്കെടുത്തത് യുഡിഎഫ് അധികാരത്തില്‍ വരുന്നതിന്റെ സൂചനയാണ് എന്ന് കണ്ടെത്തിയ അങ്ങയുടെ രാഷ്ട്രീയ ബുദ്ധിയെ അഭിനന്ദിക്കാതെ തരമില്ല എന്ന് ബെന്യാമിന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ഒരാള്‍ സൗഹൃദം പുനഃസ്ഥാപിക്കുന്നത്, പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുന്നത്, അഭിപ്രായങ്ങള്‍ പറയുന്നത് ഒക്കെ നാളെ എന്തെങ്കിലും നേടാം എന്ന് കരുതിയാണ് എന്ന് തോന്നുന്നത് സ്വന്തം അനുഭവങ്ങളെ മുന്‍നിറുത്തിയാണ് എന്ന് വിശ്വസിച്ചോട്ടെ. 

താങ്കളുടെ സഹോദന്‍ പന്തളം പ്രതാപന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപി യില്‍ ചേര്‍ന്നത് ഞങ്ങള്‍ എന്തിന്റെ സൂചന ആയി വേണം കാണാന്‍?. പന്തളം സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ അധികം വൈകാതെ ബിജെപി പാളയത്തില്‍ എത്തുന്നതിന്റെ സൂചനയായി ഞങ്ങള്‍ക്ക് അതിനെ കാണാമല്ലോ അല്ലേ എന്നും ബെന്യാമിന്‍ ചോദിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 


പ്രിയപ്പെട്ട, ബഹുമാനപ്പെട്ട,  കോണ്‍ഗ്രസിന്റെ സമുന്നത നേതാവ്, ശ്രീ. പന്തളം സുധാകരന്‍ അവര്‍കള്‍ക്ക്, 
ഡോ. ദിവ്യ എസ് അയ്യര്‍ വിവര്‍ത്തനം ചെയ്ത 'എത്രയും പ്രിയപ്പെട്ടവള്‍ക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്‌റ്റോ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് ഞാന്‍ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള സന്തോഷവും അതിലേറെ അദ്ഭുതവും പങ്കുവച്ചുകൊണ്ടുള്ള അങ്ങയുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടു. 
ഞാന്‍ ആ ചടങ്ങില്‍ പങ്കെടുത്തത് യു.ഡി.എഫ് അധികാരത്തില്‍ വരുന്നതിന്റെ സൂചനയാണ് എന്ന് കണ്ടെത്തിയ അങ്ങയുടെ രാഷ്ട്രീയ ബുദ്ധിയെ അഭിനന്ദിക്കാതെ തരമില്ലല്ലോ. 
അല്ലയോ ബഹുമാന്യനായ കോണ്‍ഗ്രസ് നേതാവേ, 
1. ദിവ്യ എസ് അയ്യര്‍ വിവാഹത്തിനു മുന്‍പും പിന്‍പും ഒരു എഴുത്തുകാരിയും രാഷ്ട്രീയം ഇല്ലാതെ കൃത്യനിര്‍വ്വഹണം നടത്തുന്ന ഒരു IAS ഉദ്യോഗസ്ഥയുമാണ്. അവര്‍ക്ക് അവരുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും ഉണ്ട്. പ്രകാശനം ചെയ്യപ്പെട്ട പുസ്തകം ആകട്ടെ, സ്ത്രീപുരുഷ തുല്യനീതിയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ഉറപ്പിച്ചു പറയുന്ന ഒന്നും.   ലിംഗസമത്വ ഭൂമികകളെ അംഗീകരിക്കാനുള്ള വിശാലത ഇനിയെങ്കിലും ഒരു മുന്‍മന്ത്രിക്ക് ഉണ്ടാവണം. 
2. ഒരാള്‍ പിണക്കങ്ങള്‍ മാറ്റുന്നത്, സൌഹൃദം പുനസ്ഥാപിക്കുന്നത്, പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുന്നത്, അഭിപ്രായങ്ങള്‍ പറയുന്നത്, നിലപാടുകള്‍ പരസ്യമായി പറയുന്നത് ഒക്കെ നാളെ എന്തെങ്കിലും നേടാം എന്ന് കരുതിയാണ് എന്ന് തോന്നുന്നത് സ്വന്തം അനുഭവങ്ങളെ മുന്‍നിറുത്തിയാ!ണ് എന്ന് ഞാന്‍ വിശ്വസിച്ചോട്ടെ. ഒരാള്‍ ചെയ്തത് തെറ്റാണെന്ന് സ്വയം തോന്നിയാല്‍ അത് ഏറ്റുപറയാനും രാഷ്ട്രീയത്തിനു അതീതമായി ബന്ധങ്ങള്‍ സ്ഥാപിക്കാനും മാത്രം വ്യക്തിത്വമുള്ള മനുഷ്യരും ഈ ഭൂമിയില്‍ ഉണ്ടെന്ന് അങ്ങയുടെ ഈ പ്രായത്തിലെങ്കിലും മനസിലാക്കുന്നത് നന്ന്.
3. ഇനി ഒരു ചോദ്യം തിരിച്ച്: മുന്‍ പന്തളം പഞ്ചായത്ത് പ്രസിഡന്റും സമുന്നതനായ കോണ്‍ഗ്രസ് നേതാവും സര്‍വ്വോപരി അങ്ങയുടെ സ്വന്തം സഹോദനുമായ പന്തളം പ്രതാപന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി യില്‍ ചേര്‍ന്നത് ഞങ്ങള്‍ എന്തിന്റെ സൂചന ആയി വേണം കാണാന്‍? അങ്ങയുടെ യുക്തി അനുസരിച്ച് പന്തളം സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ അധികം വൈകാതെ ബി.ജെ.പി പാളയത്തില്‍ എത്തുന്നതിന്റെ സൂചനയായി ഞങ്ങള്‍ക്ക് അതിനെ കാണാമല്ലോ അല്ലേ. അങ്ങനെ മനസിലാക്കി കേരളം സന്തോഷിച്ചോട്ടെ. 
അപ്പോള്‍ സുധാകര്‍ ജീ. ഇലക്ഷന്‍ വരുന്നു. അതും കഴിഞ്ഞും ഞങ്ങള്‍ ഇവിടെ ഒക്കെ കാണും. പുസ്തകം എഴുതുകയും പ്രകാശനം ചെയ്യുകയും ചെയ്യും. അവനവന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കും. എന്നാല്‍  അങ്ങ് കോണ്‍ഗ്രസില്‍ തന്നെ കാണും എന്ന് ഒരുറപ്പ് നല്‍കാമോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com