അപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി; വേങ്ങരയെ ചുവപ്പിക്കുമോ പി ജിജി?

പി കെ കുഞ്ഞാലിക്കുട്ടി, പി ജിജി
പി കെ കുഞ്ഞാലിക്കുട്ടി, പി ജിജി


മുസ്ലിം ലീഗിന്റെ കോട്ടയാണ് മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലം. ലോക്‌സഭ എംപി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ എല്‍ഡിഎഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായ പി ജിജിയെയാണ്. 

കൊണ്ടോട്ടി എടവണ്ണപ്പാറ സ്വദേശിയാണ് പി ജിജി. നിലവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം ഗവേഷക. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ജിജി, കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു. എടവണ്ണപ്പാറ മണ്ണടിയില്‍ സുകുമാരന്റെയും പ്രഭാവതിയുടെയും മകളാണ്. പെരുമ്പാവൂര്‍ ശ്രീശങ്കര കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സജിത് സോമനാണ് ഭര്‍ത്താവ്. 

മലപ്പുറത്തെ എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവായിരുന്ന ജിജിയ്ക്ക് വേങ്ങരയെ ചുവപ്പിക്കല്‍ അത്ര എളുപ്പമല്ല. 2008ലെ  മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് വേങ്ങര മണ്ഡലം നിലവില്‍ വന്നത്. 2011ല്‍ നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ഇടത് സ്വതന്ത്രന്‍ കെ പി ഇസ്മായിലിനെ തറപറ്റിച്ചു. കുഞ്ഞാലിക്കുട്ടി 63,138വോട്ട് നേടിയപ്പോള്‍ 24,901വോട്ടാണ് ഇസ്മായിലിന് കിട്ടിയത്. 2016ല്‍ വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ തേരോട്ടം. നേടിയത് 72,181വോട്ട്. സിപിഎം സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ 34,124വോട്ട് നേടി. 

2017ല്‍ ഇ അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനായി കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചു. തുടര്‍ന്നുനടന്ന ഉപതെരഞ്ഞെടുപ്പില്‍ കെ എന്‍ എ ഖാദര്‍ 65,227വോട്ട് നേടി വിജയിച്ചു. സിപിഎമ്മിന്റെ പി പി ബഷീര്‍ 41,917വോട്ട് നേടി. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി കെ എന്‍ എ ഖാദര്‍ ഇത്തവണ മണ്ഡലം വിട്ടുനല്‍കും. 

കുഞ്ഞാലിക്കുട്ടിക്ക് എതിരെ മത്സരിക്കാന്‍ സിപിഎം യുവ നേതാവിനെ രംഗത്തിറക്കുന്നത് ഇത് ആദ്യമായാല്ല. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ എതിരിടാന്‍ സിപിഎം നിയോഗിച്ചത് എസ്എഫ്‌ഐ നേതാവ് വി പി സാനുവിനെ ആയിരുന്നു. 5,89,873വോട്ട് നേടി കുഞ്ഞാലിക്കുട്ടി വിജയിച്ചപ്പോള്‍ സാനു 3,29,720വോട്ട് നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com