പി സി ചാക്കോയുമായി സംസാരിക്കാന്‍ പവാര്‍ നിര്‍ദേശിച്ചു, ചാക്കോയെ എന്‍സിപിയിലേക്ക് ക്ഷണിച്ച് പീതാംബരന്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍
പി സി ചാക്കോ, ടി പി പീതാംബരന്‍
പി സി ചാക്കോ, ടി പി പീതാംബരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ചാക്കോയുമായി സംസാരിക്കാന്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദേശിച്ചതായി ടി പി പീതാംബരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്‍സിപിയുടെ പഴയ രൂപമാണ് കോണ്‍ഗ്രസ് എസ്. കോണ്‍ഗ്രസ് എസ് നേതാവായിരുന്നു പി സി ചാക്കോ. ശരദ് പവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. പി സി ചാക്കോ പാര്‍ട്ടിയിലേക്ക് വരുന്നതില്‍ ശരദ് പവാര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചാക്കോ പാര്‍ട്ടി വിട്ടതോടെ, കോണ്‍ഗ്രസിന്റെ തകര്‍ച്ച ത്വരിതപ്പെടും. നേതൃപരമായ പങ്ക് വഹിക്കാന്‍ ശേഷിയുള്ള നേതാവാണ് ചാക്കോയെന്നും പീതാംബരന്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടത്. സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നടക്കുന്നതെന്ന വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് ചാക്കോ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. എന്‍സിപി നേതാവ് ശരദ് പവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചാക്കോ എന്‍സിപിയില്‍ പോകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി ചാക്കോ നല്‍കിയിരുന്നില്ല. അഖിലേന്ത്യാടിസ്ഥാനത്തിലുള്ള നേതാവാണ് ചാക്കോ എന്ന് പറഞ്ഞ ടി പി പീതാംബരന്‍, എന്‍സിപി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി. 

നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ എന്‍സിപി പ്രഖ്യാപിച്ചു. എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ മത്സരിക്കും. കോട്ടയ്ക്കല്‍- എന്‍ എ മുഹമ്മദ്, കുട്ടനാട് -തോമസ് കെ തോമസ് എന്നിവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍. എന്‍സിപിക്ക് ഒരു സീറ്റ് കൂടി വേണമായിരുന്നുവെന്ന് ടി പി പീതാംബരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com