കെഎസ്ആർടിസി ഡിപ്പോയിൽ വിദ്യാർത്ഥികളുടെ അസഭ്യവർഷം, കൂട്ടയടി; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2021 07:26 AM |
Last Updated: 11th March 2021 07:26 AM | A+A A- |
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോയിൽ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി. നെടുമങ്ങാട് ഡിപ്പോയിൽ വച്ചാണ് കൈയാങ്കളി അരങ്ങേറിയത്. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് ഏറ്റുമുട്ടലുണ്ടായത്.
പാരലൽ കോളജിലെയും,സ്കൂളിലെയും ഇരുപതോളം വിദ്യാർഥികളാണ് സംഘർഷത്തിലേർപ്പെട്ടത്. ഇവർ അസഭ്യം വിളികളുമായി ഏറ്റുമുട്ടിയപ്പോൾ യാത്രക്കാർക്ക് ആദ്യം കാഴ്ചക്കാരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ഒട്ടേറെ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റു. ഒടുവിൽ കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും ചേർന്ന് രംഗം ശാന്തമാക്കി.
പൊലീസ് എത്തുന്നതിനിടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. ഡിപ്പോയിൽ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പൊലീസ് ഉണ്ടാകാറില്ല. മുൻപ് ഇവിടെ വനിത പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും പിൻവലിച്ചു. വിദ്യാർത്ഥികൾ ഡിപ്പോയിൽ ഏറ്റുമുട്ടുന്നത് യാത്രകാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു .
പൊലീസിനെ നിയോഗിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ അടിപിടി പലപ്പോഴും പൊലീസിനെ തങ്ങൾ അറിയിച്ചിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്ന് ജീവനക്കാർ പരാതിപ്പെട്ടു .
എന്നാൽ ഇന്നലത്തെ സംഭവത്തിൽ വീഡിയോയിൽ കണ്ട 8 വിദ്യാർത്ഥികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. പ്രായപൂർത്തി ആകാത്തവരായതിനാൽ ഇന്ന് രക്ഷാകർത്താക്കളെയും കൂട്ടി സ്റ്റേഷനിൽ ഹാജരാകാവാൻ നിർദേശിച്ചിട്ടുണ്ടെന്ന് എസ്ഐ വ്യക്തമാക്കി.