വാസവന്‍, സിന്ധുമോള്‍ ജേക്കബ്‌/ഫയല്‍ ചിത്രം
വാസവന്‍, സിന്ധുമോള്‍ ജേക്കബ്‌/ഫയല്‍ ചിത്രം

സിന്ധുമോള്‍ ജേക്കബ് മല്‍സരിക്കാന്‍ സര്‍വഥാ യോഗ്യ ; നടപടിയെക്കുറിച്ച് അറിയില്ലെന്ന് വി എന്‍ വാസവന്‍

സംഘടനാരീതി പ്രകാരം പാര്‍ട്ടി അംഗത്തെ പുറത്താക്കേണ്ടത് ജില്ലാ കമ്മിറ്റിയാണ്

കോട്ടയം : പിറവത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കിയ ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി തീരുമാനത്തെ തള്ളി സിപിഎം കോട്ടയം ജില്ലാ നേതൃത്വം. നടപടിയെക്കുറിച്ച് അറിയില്ല. സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കിയ ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം പരിശോധിക്കുമെന്ന് കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു. 

സംഘടനാരീതി പ്രകാരം പാര്‍ട്ടി അംഗത്തെ പുറത്താക്കേണ്ടത് ജില്ലാ കമ്മിറ്റിയാണ്. സംഘടനാ കാര്യങ്ങള്‍ പിന്നെ പരിശോധിക്കും. സിന്ധുമോള്‍ ജേക്കബ് മല്‍സരിക്കാന്‍ സര്‍വഥാ യോഗ്യയായ വ്യക്തിയാണ്. അവരെ ഏല്‍പ്പിച്ച ജോലികളെല്ലാം ഉത്തരവാദിത്തത്തോടെ ചെയ്ത ആളാണ്. 

ജനപ്രതിനിധി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ആളാണ് സിന്ധുമോള്‍ ജേക്കബ്. മല്‍സര രംഗത്ത് വന്നത് തങ്ങളുമായി ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമല്ല. സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്‌തോ എന്ന് അവരാണ് പറയേണ്ടത്. മല്‍സരിക്കാന്‍ വ്യക്തിപരമായി അവര്‍ക്ക് അവകാശമുണ്ടെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

പിറവം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി നടപടി സ്വീകരിച്ചത്. 

പാര്‍ട്ടിയോട് ആലോചിക്കാതെയാണ് സിന്ധുമോള്‍ ജേക്കബ് പിറവത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായതെന്ന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി പറയുന്നു. സിപിഎം ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധുമോള്‍ ജേക്കബ്. സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ത്ഥിത്വം ജോസ് കെ മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com