കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും ; കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഡല്‍ഹിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2021 06:51 AM  |  

Last Updated: 12th March 2021 06:51 AM  |   A+A-   |  

CONGRESS LEADERS

കോണ്‍ഗ്രസ് നേതാക്കള്‍/ഫയല്‍

 

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് ആറുമണിയ്ക്ക് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ഗാന്ധിയും സംബന്ധിക്കും. 

നേമം പിടിച്ചെടുക്കുന്നതിനായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മല്‍സരിപ്പിക്കുന്നത് ഹൈക്കമാന്‍ഡ് സജീവമായി പരിഗണിച്ചു വരികയാണ്. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ നേമം വെല്ലുവിളി ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചതായാണ് സൂചന. നേമത്ത് മത്സരിക്കാൻ താനും തയാറാണെന്നും  ഹൈക്കമാൻഡിന് ഉചിത തീരുമാനമെടുക്കാമെന്നും ഇന്നലെ രാത്രി നടന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. ഹൈക്കമാൻഡ് ഇന്ന് അന്തിമ തീരുമാനമെടുക്കും. 

ഏക സിറ്റിങ് സീറ്റിൽ ബിജെപിയെ നേർക്കുനേർ നേരിടാൻ ഉമ്മൻ ചാണ്ടിയെ കളത്തിലിറക്കുന്നത് സംസ്ഥാനത്തുടനീളം പാർട്ടിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. നേമത്ത് ഉമ്മൻ ചാണ്ടിയെ തോൽപിക്കാൻ സിപിഎമ്മും ബിജെപിയും കൈകോർക്കുമെന്ന ആശങ്കയും കോൺഗ്രസിലെ ഒരു വിഭാ​ഗം ഉന്നയിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി നേമത്തേക്കു മാറിയാൽ, പുതുപ്പള്ളിയിൽ കോൺഗ്രസിനായി പുതുമുഖ സ്ഥാനാർഥി വന്നേക്കും. 

അതിനിടെ, നേമം നിയോജക മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ കോട്ടയം യൂത്ത് കോൺഗ്രസ് നേതൃത്വം രം​ഗത്തെത്തി.  സംസ്ഥാനത്ത് എവിടെ മത്സരിച്ചാലും വിജയസാധ്യതയുള്ള ഉമ്മൻചാണ്ടി, കോട്ടയം വിട്ട് പുറത്തു പോകുമെന്നത് ചില കുബുദ്ധികളുടെ വ്യാജ പ്രചാരണം മാത്രമാണ്. നേമത്തിന്റെ പേരിൽ ഇത്രയും വലിയ കോലാഹലം ഉണ്ടാക്കുന്നതിന് പിന്നിൽ ഗൂഡശക്തികൾ തന്നെയാണ്. ഉമ്മൻ‌ചാണ്ടി പുതുപ്പള്ളി വിടുകയുമില്ല. പുതുപ്പള്ളി വിടാൻ ഞങ്ങൾ സമ്മതിക്കുകയുമില്ലെന്നും യൂത്ത് കോൺ​ഗ്രസ് വ്യക്തമാക്കി.