നേമത്ത് പ്രശസ്തനും പൊതു സമ്മതുമായ സ്ഥാനാര്‍ഥി: മുല്ലപ്പള്ളി

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക എത്ര വൈകിയാലും ഇന്നു തന്നെ അന്തിമമാവുമെന്നാണ് കരുതുന്നതെന്ന് മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം

ന്യൂഡല്‍ഹി: നേമത്ത് ഇത്തവണ കോണ്‍ഗ്രസിന് പ്രശസ്തനും പൊതു സമ്മതനുമായ സ്ഥാനാര്‍ഥിയുണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേമത്തെ മത്സരത്തെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

നേമം ബിജെപിയുടെ കോട്ടയാണോ എന്നതൊക്കെ ഇത്തവണ തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ അറിയാമെന്ന് മുല്ലപ്പള്ളി പറഞ്ഞു. അവിടെ സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കു മറുപടി പറയാനില്ല. നേമത്തെ മത്സരത്തെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്. 

നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, അദ്ദേഹം കേരളത്തില്‍ എവിടെ മത്സരിച്ചാലും ജയിക്കുന്ന നേതാവാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. താന്‍ മത്സര രംഗത്ത് ഉണ്ടാവില്ലെന്നു നേരത്തെ വ്യക്തമാക്കിയതാണ്. ഹൈക്കാന്‍ഡിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 

സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ സ്വാഭാവികമാണ്. കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മില്‍ പോലും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക എത്ര വൈകിയാലും ഇന്നു തന്നെ അന്തിമമാവുമെന്നാണ് കരുതുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ അന്‍പതു കൊല്ലമായി താന്‍ മത്സരിക്കുന്ന പുതുപ്പള്ളി വിട്ട് മറ്റെവിടെയെങ്കിലും സ്ഥാനാര്‍ഥിയാവുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇനിയും മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയില്‍ തന്നെ ആയിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ ലേഖകരോടു പറഞ്ഞു.

കഴിഞ്ഞ പതിനൊന്നു തെരഞ്ഞെടുപ്പായി പുതുപ്പള്ളിയില്‍ മത്സരിക്കുന്നു. മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല. ഇനിയും മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളില്‍ തന്നെയാവും. ഒരു മണ്ഡലത്തിലേ മത്സരിക്കൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സ്‌ക്രീനിങ് കമ്മിറ്റി കഴിയാതെ സ്ഥാനാര്‍ഥികളെക്കുറിച്ച് പറയാനാവില്ല. ഇപ്പോള്‍ വരുന്ന വാര്‍ത്തകളിലൊന്നും നേതാക്കള്‍ക്ക് ഉത്തരവാദിത്തമില്ല. അതുവരെ എങ്ങനെ വേണമെങ്കിലും എഴുതിക്കോളൂ, ഞങ്ങളാരും എതിരു പറയുന്നില്ല- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നേമത്ത് വമ്പന്‍ സ്ഥാനാര്‍ഥി വരുമെന്ന വാര്‍ത്തകളെക്കുറിച്ചു ചോദിച്ചപ്പോള്‍, വമ്പന്‍മാരും കൊമ്പന്‍മാരുമെല്ലാം നിങ്ങള്‍ പറയുന്നതല്ലേ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com