'തൃപ്പൂണിത്തുറ തിരിച്ചു പിടിക്കാന്‍ കെ ബാബുവിനെ വിളിക്കണം' ; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2021 10:20 AM |
Last Updated: 12th March 2021 10:20 AM | A+A A- |
കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടനം / ടെലിവിഷന്‍ ചിത്രം
കൊച്ചി : തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ ബാബുവിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം. പള്ളുരുത്തിയിലാണ് പ്രകടനം. ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. തൃപ്പൂണിത്തുറ തിരിച്ചു പിടിക്കാന്‍ കെ ബാബുവിനെ വിളിക്കണമെന്നാണ് ആവശ്യം.
നൂറുകണക്കിന് പ്രവര്‍ത്തകരാണ് ബാബുവിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയത്. കെ ബാബുവിന് ഇത്തവണ സീറ്റ് നല്‍കിയേക്കില്ല എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രകടനം. ജനങ്ങളോടും പ്രവര്‍ത്തകരോടും ഒപ്പം നില്‍ക്കുന്ന ജനകീയനായ നേതാവാണ് ബാബു എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് പകരം കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിന്‍, മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണി തുടങ്ങിയവരെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു തവണ തൃപ്പൂണിത്തുറയില്‍ നിന്നും ജയിച്ച ബാബു, കഴിഞ്ഞ തവണ സിപിഎമ്മിലെ എം സ്വരാജിനോടാണ് പരാജയപ്പെട്ടത്.