സ്ഥിരപ്പെടുത്തല്‍ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമെന്ന് സര്‍ക്കാര്‍, വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി; സ്‌റ്റേ തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2021 01:40 PM  |  

Last Updated: 12th March 2021 01:43 PM  |   A+A-   |  

kerala high court on appointment in psu

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി: സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്‌റ്റേ തുടരും.താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്  സ്‌പെഷ്യല്‍ റൂള്‍ പ്രകാരം പിഎസ്സിക്ക് വിടാത്ത തസ്തികളിലെന്ന്  സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. സര്‍ക്കാരും പൊതുമേഖലാസ്ഥാപനങ്ങളും ഏപ്രില്‍ എട്ടിനകം സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

സംസ്ഥാന വനിതാ കമ്മീഷന്‍, കെല്‍ട്രോള്‍, സിഡിറ്റ് തുടങ്ങി പത്തു സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി. പിഎസ് സിക്ക് വിടാത്ത തസ്തികകകളിലാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി ഉണ്ടായതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. സ്‌പെഷ്യല്‍ റൂള്‍ പ്രകാരമാണ് ഈ പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്തല്‍ നടന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓരോ സ്ഥാപനങ്ങളിലെയും സ്‌പെഷ്യല്‍ റൂളിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 

ഇത് നല്‍കുന്നതിനും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനും കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഏപ്രില്‍ എട്ടുവരെ കോടതി സമയം അനുവദിച്ചു. ഏപ്രില്‍ എട്ടിനാണ് ഹര്‍ജി വീണ്ടും കോടതി പരിഗണിക്കുക.