കെഎസ്ആർടിസി ബസ് നാല് മണിക്കൂർ വൈകി, ഉല്ലാസയാത്ര തകിടംമറിഞ്ഞു; അരലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവ് 

അരീക്കാട് സ്വദേശികളായ ദമ്പതികൾക്കാണ് കെഎസ്ആർടിസി 51,552 രൂപ നഷ്ടപരിഹാരം നൽകേണ്ടത്
ഫയൽ ചിത്രം
ഫയൽ ചിത്രം

കോഴിക്കോട്: കെഎസ്ആർടിസി ബസ് നാല് മണിക്കൂർ വൈകിയതുമൂലം ഉല്ലാസയാത്രയിൽ മാറ്റം വരുത്തേണ്ടി വന്ന ദമ്പതികൾക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്. ദമ്പതികൾക്ക് മൂന്ന് മാസത്തിനകം അരലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് പെർമനന്റ് ലോക് അദാലത്ത് ഉത്തരവിട്ടു. അരീക്കാട് സ്വദേശികളായ ദമ്പതികൾക്കാണ് കെഎസ്ആർടിസി 51,552 രൂപ നഷ്ടപരിഹാരം നൽകേണ്ടത്.

2018 ഡിസംബറിലായിരുന്നു ഇവരുടെ യാത്ര. മണാലിയിലേക്കു പോകാനായി ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക്  വിമാന ടിക്കറ്റെടുത്തിരുന്ന ദമ്പതികൾ ബെംഗളൂരുവിലെത്താൻ കോഴിക്കോട് നിന്ന് കെഎസ്ആർടിസി ബസ് ബുക്ക് ചെയ്തിരുന്നു. എറണാകുളത്തു നിന്ന് പുറപ്പെട്ട ബസ് രാത്രി 10 മണിക്കാണ് കോഴിക്കോട് എത്തേണ്ടത്. എന്നാൽ ബസ് ഒന്നര മണിക്കൂർ വൈകിയാണ് എത്തിയത്. പിന്നീടുള്ള യാത്രയിൽ ഡ്രൈവർക്കു വഴിതെറ്റിയപ്പോൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്രക്കാരാണ് വഴി കാട്ടിയത്. നാല് മണിക്കൂർ വൈകിയാണ് ബസ് മൈസൂരെത്തിയത്. ദമ്പതികൾ മൈസൂരുവിലിറങ്ങി ടാക്സി വിളിച്ചു ബെംഗളൂരു വിമാനത്താവളത്തിലേക്കു പോയെങ്കിലും വിമാനം കിട്ടിയില്ല. 

തുടർന്നുള്ള വിമാനത്തിൽ ഡൽഹിയിലേക്കു പോയെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടൽ മുറിയുടെ അടക്കം പണം നഷ്ടമായി. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഇവർ കെഎസ്ആർടിസിയിൽ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടാകാത്തതിനെ തുടർന്നാണ് കോഴിക്കോട് പെർമനന്റ് ലോക് അദാലത്തിനെ സമീപിച്ചത്. നഷ്ടപരിഹാരത്തിനു പുറമേ അപേക്ഷാച്ചെലവായി 5000 രൂപയും നൽകണമെന്ന് ഉത്തരവിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com