മലമ്പുഴ മറ്റൊരു നേമമാകും ; കോൺഗ്രസിൽ പ്രതിഷേധം ; പ്രവർത്തകരുടെ രാജി ഭീഷണി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2021 10:47 AM |
Last Updated: 13th March 2021 10:47 AM | A+A A- |
കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
പാലക്കാട് : ഘടക കക്ഷികൾക്ക് സീറ്റ് വിട്ടുനൽകിയതിനെതിരെ പാലക്കാട് കോൺഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധം. മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി, കല്ലേപ്പുള്ളി , മരുതറോഡ് പ്രദേശങ്ങളിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഭാരതീയ നാഷണൽ ജനതാദൾ എന്ന പാർട്ടിക്ക് മലമ്പുഴ മണ്ഡലം കോൺഗ്രസ് നേതൃത്വം വിൽപ്പന നടത്തിയെന്നാണ് ആക്ഷേപം. മലമ്പുഴ മറ്റൊരു നേമമാകുമെന്നും പ്രവർത്തകർ പറയുന്നു.
പ്രാദേശിക കോൺഗ്രസ് നേതാക്കളെയെങ്കിലും മത്സരിപ്പിക്കാൻ പാർട്ടി തയാറാവുന്നില്ലെങ്കിൽ മണ്ഡലത്തിലെ പഞ്ചായത്ത് അംഗങ്ങളും മണ്ഡലം, ബൂത്ത് ഭാരവാഹികളും രാജി വയ്ക്കുമെന്ന് പ്രവർത്തകർ ഭീഷണി മുഴക്കി. കെപിസിസി നിര്‍വാഹക സമിതി അംഗം കുമാര സ്വാമി, ഡിസിസി സെക്രട്ടറി അനന്തകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. മലമ്പുഴയിൽ കൈപ്പത്തി ചിഹ്നത്തില്‍ മത്സരത്തിന് പോലും നിൽക്കാതെ ജോണ്‍ ജോണ്‍ വിഭാഗത്തെ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.
മലമ്പുഴയ്ക്ക് പുറമേ, കോങ്ങാട്, നെന്മാറ മണ്ഡലങ്ങളും ഘടകകക്ഷികൾക്ക് നൽകിയിട്ടുണ്ട്. ഇതിനെതിരെ പലയിടങ്ങളിലും കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയി്ടുണ്ട്. അതേസമയം പ്രതിഷേധങ്ങളൊന്നും കാര്യമാക്കുന്നില്ലെന്ന് മലമ്പുഴയിൽ യുഡിഎഫ് പരിഗണിക്കുന്ന ഭാരതീയ നാഷണൽ ജനതാദൾ നേതാവ് ജോൺ ജോൺ പറഞ്ഞു. താൻ ചോദിച്ചത് എലത്തൂരാണ്. ചെന്നിത്തല നേരിട്ടാണ് തന്നോട് മലമ്പുഴയിൽ മത്സരിക്കുന്നോ എന്ന് ചോദിച്ചതെന്നും ജോൺ ജോൺ വ്യക്തമാക്കി.