'കണ്ണേ കരളേ കുഞ്ഞൂഞ്ഞേ... ഞങ്ങളെ വിട്ട് പോകല്ലേ...', ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറിയും വാഹനം തടഞ്ഞും പ്രകടനം, വൈകാരികരംഗങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2021 11:18 AM |
Last Updated: 13th March 2021 11:35 AM | A+A A- |
ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ നടന്ന പ്രതിഷേധം / ടെലിവിഷന്‍ ചിത്രം
കോട്ടയം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ നാടകീയ രംഗങ്ങള്‍. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. ഉമ്മന്‍ചാണ്ടി നേതാവേ... കണ്ണേ കരളേ കുഞ്ഞൂഞ്ഞേ... ഞങ്ങളെ വിട്ട് പോകല്ലേ... എന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
ഇതിനിടെ, ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. കോണ്‍ഗ്രസ് പതാകയുമായിട്ടായിരുന്നു ഇയാല്‍ വീടിന് മുകളില്‍ കയറി ഇരുപ്പുറപ്പിച്ചത്. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം നാട്ടിലേക്കെത്തിയ ഉമ്മന്‍ചാണ്ടിയുടെ കാര്‍ ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
കാറില്‍ ഉമ്മന്‍ചാണ്ടിയെ കാറില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കാറിനെ വളഞ്ഞു. മുത്തേ മുത്തേ മണിമുത്തേ... ഞങ്ങടെ ഓമന നേതാവേ... വിട്ടുതരില്ല, വിട്ടുതരില്ല..., കുഞ്ഞൂഞ്ഞ് ഭരിക്കട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ മുഴക്കി.
ഞങ്ങള്‍ക്കൊന്നേ നേതാവ്...ഉമ്മന്‍ചാണ്ടി, ഉമ്മന്‍ചാണ്ടി.. വിട്ടുതരില്ല...വിട്ടുതരില്ല..., ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ജീവന്‍ വരെ നല്‍കാമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. അമ്പത് വര്‍ഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.