ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മെമു സര്‍വീസ് തിങ്കളാഴ്ച മുതല്‍ ; സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ആശ്വാസം ; കോട്ടയം വഴി അണ്‍റിസര്‍വ്ഡ് ട്രെയിന്‍ ബുധനാഴ്ച തുടങ്ങും

സീസണ്‍ ടിക്കറ്റ് വില്‍പ്പന റെയില്‍വേ  തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം : യാത്രക്കാര്‍ക്ക് ആശ്വാസമായി, കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മെമു സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുന്നു. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടുകളിലാണ് തിങ്കളാഴ്ച മുതല്‍ മെമു സര്‍വീസ് ആരംഭിക്കുന്നത്. ഈ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാനാകും. 

കോട്ടയം വഴിയും അണ്‍റിസര്‍വ്ഡ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പുനലൂര്‍-ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ് ആണ് അണ്‍റിസര്‍വ്ഡ് ട്രെയിനായി സര്‍വീസ് നടത്തുക. ഈ ട്രെയിന്‍ സര്‍വീസ് 17 ന് ആരംഭിക്കും. ഗുരുവായൂര്‍-പുനലൂര്‍ പ്രതിദിന എക്‌സ്പ്രസ് ഗുരുവായൂരില്‍ നിന്ന് പുലര്‍ച്ചെ 5.45നും, പുനലൂര്‍-ഗുരുവായൂര്‍ ട്രെയിന്‍ വൈകിട്ട് 6.25നും പുറപ്പെടും.

കോവിഡ് കാലത്ത് കേരളത്തിലെ ആദ്യ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിനാണിത്.എസി ചെയര്‍ കാറും 2 റിസര്‍വ്ഡ് കോച്ചുകളുമൊഴികെ 17 കോച്ചുകള്‍ അണ്‍റിസര്‍വ്ഡ് കോച്ചുകളായിരിക്കും. ഇതില്‍ സീസണ്‍ ടിക്കറ്റ് യാത്രക്കാരെയും അനുവദിക്കും. 11 മാസത്തിനു ശേഷമാണു അണ്‍ റിസര്‍വ്ഡ് കോച്ചുകളും സീസണ്‍ ടിക്കറ്റും റെയില്‍വേ പുനഃസ്ഥാപിക്കുന്നത്. 15 മുതല്‍ സര്‍വീസ് ആരംഭിക്കുന്ന മെമു ട്രെയിനുകളിലും സീസണ്‍ ടിക്കറ്റുകാര്‍ക്ക് യാത്ര ചെയ്യാം.

സീസണ്‍ ടിക്കറ്റ് വില്‍പ്പന റെയില്‍വേ  തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിച്ചതിനേത്തുടര്‍ന്നാണ് സീസണ്‍ ടിക്കറ്റുകള്‍ അനുവദിച്ചത്. നിലവില്‍ സര്‍വീസ് നടത്തുന്ന അണ്‍റിസര്‍വ്ഡ് ട്രെയിനുകളിലും അതിന്റെ റൂട്ടുകളിലും മാത്രമാണ് സീസണ്‍ ടിക്കറ്റുകള്‍ ഉപയോഗിക്കാനാവുക. കൂടുതല്‍ അണ്‍റിസര്‍വ്ഡ് ട്രെയിനുകള്‍ അനുവദിക്കുന്ന മുറയ്ക്ക് അത്തരം ട്രെയിനുകളിലും സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com