'കുണ്ടറയിലേക്കില്ല'- പിന്തുണ അറിയിക്കാനെത്തിയവർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ; ഡിസിസി ഓഫീസിൽ വൈകാരിക രം​ഗങ്ങൾ

'കുണ്ടറയിലേക്കില്ല'- പിന്തുണ അറിയിക്കാനെത്തിയവർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ; ഡിസിസി ഓഫീസിൽ വൈകാരിക രം​ഗങ്ങൾ
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

കൊല്ലം: ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ഓഫീസിൽ വൈകാരിക രം​ഗങ്ങൾ. ബിന്ദു കൃഷ്ണയ്ക്ക് പിന്തുണ അറിയിച്ച് എത്തിയ വനിതാ പ്രവർത്തകർ അവരെ പിന്തുണച്ച് മുദ്രാവാക്യം മുഴക്കി. പിന്തുണ അറിയിച്ചുള്ള പ്രവർത്തകരുടെ വികാര പ്രകടനം കണ്ട് ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു.

കൊല്ലത്ത് പിസി വിഷ്ണുനാഥിനെ മത്സരിപ്പിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. ബിന്ദുവിനെ കുണ്ടറയിലേക്ക് മാറ്റാനും ആലോചനകളുണ്ട്. അതിനിടെയാണ് ഡിസിസി ഓഫീസിൽ നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. 

കൊല്ലം മണ്ഡലത്തിൽ ബിന്ദു കൃഷ്ണ മത്സരിപ്പിക്കാതിരിക്കുന്നത് അവരോട് കാണിക്കുന്ന നീതികേടാണെന്ന് പ്രവർത്തകർ വ്യക്തമാക്കി. തീരമേഖലയിലുള്ള സ്ത്രീകളാണ് ഇപ്പോൾ അവർക്ക് പിന്തുണയുമായി രം​ഗത്തെത്തിയത്.  കൊല്ലമല്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്കും ഇല്ല എന്നാണ് ബിന്ദു കൃഷ്ണയുടെ നിലപാട്. കഴിഞ്ഞ നാലര വർഷമായി കൊല്ലം കേന്ദ്രമാക്കിയാണ് താൻ പ്രവർത്തിക്കുന്നത് എന്ന് അവർ വ്യക്തമാക്കിയിരുന്നു. 

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. അവരെ മത്സരിപ്പിക്കില്ലെങ്കിൽ പാർട്ടിക്ക് വോട്ട് പോലും ചെയ്യില്ലെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി. പിസി വിഷ്ണു നാഥിനെ കൊല്ലത്തിന് വേണ്ടെന്നും വേണമെങ്കിൽ അദ്ദേഹത്തെ കുണ്ടറയിൽ മത്സരിപ്പിയ്ക്കാമെന്നും പ്രവർത്തകർ പറഞ്ഞു. 

നേരത്തെ ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഡിസിസിയിൽ കൂട്ട രാജി അരങ്ങേറിയിരുന്നു. രണ്ട് ബ്ലോക്ക് പ്രസിഡന്റുമരും മണ്ഡലം പ്രസിഡന്റുമാരുമാണ് രാജിവച്ചത്. പിന്നാലെയാണ് ഡിസിസി ഓഫീസിലേക്ക് എത്തിയ വനിതാ പ്രവർത്തകർ ബിന്ദു കൃഷ്ണയ്ക്ക് പിന്തുണ അറിയിച്ച് മുദ്രാവാക്യം മുഴക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com