പുതുപ്പള്ളി വിട്ടുപോകുന്ന പ്രശ്‌നമില്ല ; നേമത്ത് മല്‍സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2021 12:21 PM |
Last Updated: 13th March 2021 12:21 PM | A+A A- |
ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
കോട്ടയം : പുതുപ്പള്ളി വിട്ടുപോകുന്ന പ്രശ്‌നമില്ലെന്ന് ഉമ്മന്‍ചാണ്ടി. നേതൃത്വം നിശ്ചയിച്ച 81 സ്ഥാനാര്‍ത്ഥികളില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ തന്റെ പേരാണ് പാര്‍ട്ടി അംഗീകരിച്ചിരിക്കുന്നത്. ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ നേമത്ത് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടേ ഇല്ല. പക്ഷെ നേമത്ത് മല്‍സരിക്കുന്നത് സംബന്ധിച്ച് പുതുപ്പള്ളിയിലെ സഹപ്രവര്‍ത്തകരുടെ വികാരം എന്തെന്ന് മനസ്സിലാക്കണമെന്ന് ഉണ്ടായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതിനായി മണ്ഡലം പ്രസിഡന്റുമാര്‍, ഡിസിസി പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റുമാര്‍, മറ്റു നേതാക്കള്‍ തുടങ്ങിയവരോട് ഇവിടെ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് സംബന്ധിച്ച് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ ബഹളങ്ങളൊക്കെ ഉണ്ടായത്. പുതുപ്പള്ളിയെ വിട്ടുപോകുന്ന പ്രശ്‌നമേ ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാവിലെ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. ഉമ്മന്‍ചാണ്ടി നേതാവേ... കണ്ണേ കരളേ കുഞ്ഞൂഞ്ഞേ... ഞങ്ങളെ വിട്ട് പോകല്ലേ... എന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പ്രവര്‍ത്തകര്‍ കാര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് അദ്ദേഹം വീട്ടിലേക്ക് പോയത്.
തുടര്‍ന്ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മല്‍സരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രവര്‍ത്തകരെ അറിയിച്ചു. നോമിനേഷന്‍ കൊടുക്കുന്നത് സംബന്ധിച്ച് ഇന്നു തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പുതുപ്പള്ളിയിലെ വസതിയില്‍വെച്ച് ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയശേഷം പറഞ്ഞു. ഉമ്മന്‍ചാണ്ടി മറ്റെവിടെയെങ്കിലും മല്‍സരിക്കണോ എന്നതു സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും ജോഷി ഫിലിപ്പ് വ്യക്തമാക്കി.