ആർഎസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയിൽ; പാർട്ടി വിട്ടത് കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2021 04:16 PM |
Last Updated: 13th March 2021 04:16 PM | A+A A- |
ബിജെപി അംഗത്വം സ്വീകരിച്ച മുഹമ്മദ് നഹാസ്/ ഫെയ്സ്ബുക്ക്
തൃശൂർ: ആർഎസ്പി നേതാവും ആർഎസ്പി യുവജന വിഭാഗം സംസ്ഥാന അധ്യക്ഷനുമായിരുന്ന മുഹമ്മദ് നഹാസ് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ തവണ തൃശൂർ കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മുഹമ്മദ് നഹാസ് മത്സരിച്ചിരുന്നു. സിപിഐയുടെ ഇടി ടൈസനോട് പരാജയപ്പെടുകയായിരുന്നു. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ നഹാസിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
സീറ്റ് വിഭജന ചർച്ചയിൽ കയ്പ്പമംഗലം വേണ്ടെന്നും പകരം സീറ്റ് വേണമെന്നുമായിരുന്നു ആർഎസ്പി നിലപാട്. പകരം മട്ടന്നൂർ സീറ്റ് ലഭിച്ചതോടെയാണ് ആർഎസ്പി കയ്പ്പമംഗലം സീറ്റ് ഉപേക്ഷിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നഹാസ് പാർട്ടി വിട്ടിരിക്കുന്നത്.
ഇതോടെ ആഴ്ചകളായി തുടരുന്ന ചർച്ചകളും വാഗ്വാദങ്ങളും അവസാനിപ്പിച്ച് കയ്പ്പമംഗലത്ത് കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. മുൻ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശോഭ സുബിൻ സ്ഥാനാർത്ഥിയാകാനാണ് സാധ്യത. കയ്പ്പമംഗലത്തിന് പകരം ധർമടമോ കല്യാശേരിയോ നൽകണമെന്നായിരുന്നു ആർഎസ്പിയുടെ ആവശ്യപ്പെട്ടത്. എന്നാൽ മട്ടന്നൂരാണ് അവർക്ക് ലഭിച്ചത്.