എങ്കില്‍പ്പിന്നെ ആര്? നേമത്തെ 'പ്രശസ്തന്‍' ആരെന്ന നെട്ടോട്ടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ചര്‍ച്ച

ഉമ്മന്‍ ചാണ്ടി അല്ലെങ്കില്‍ ചെന്നിത്തല എന്നായിരുന്നു ആദ്യഘട്ടത്തില്‍ നേമത്തെ ചര്‍ച്ചകള്‍
കോണ്‍ഗ്രസ് നേതാക്കള്‍/ഫയല്‍
കോണ്‍ഗ്രസ് നേതാക്കള്‍/ഫയല്‍

തിരുവനന്തപുരം: പുതുപ്പള്ളി വിട്ടു പോവില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ഹരിപ്പാട്ടു തന്നെ മത്സരിക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ നേമത്തെ 'കരുത്തനായ സ്ഥാനാര്‍ഥി' ആരെന്ന ചര്‍ച്ച കോണ്‍ഗ്രസ് വൃത്തങ്ങളില്‍ വീണ്ടും സജീവമായി. നേമത്ത് ഇക്കുറി പ്രശസ്തനും പൊതു സമ്മതുമായ സ്ഥാനാര്‍ഥിയാവുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

നേമത്ത് ഉമ്മന്‍ ചാണ്ടിയായിരിക്കുമെന്ന സൂചനയാണ് രണ്ടു ദിവസമായി കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇന്നലെയും ഇന്നുമായി ഇക്കാര്യം ഉമ്മന്‍ ചാണ്ടി തന്നെ നിഷേധിച്ചിരിക്കുകയാണ്. പുതുപ്പള്ളി വിട്ടുപോവുന്ന പ്രശ്‌നമില്ലെന്നാണ് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കുന്നത്. ഉമ്മന്‍ ചാണ്ടി മണ്ഡലം മാറുന്നതിനെതിരെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ശക്തവുമാണ്.

ഉമ്മന്‍ ചാണ്ടി അല്ലെങ്കില്‍ ചെന്നിത്തല എന്നായിരുന്നു ആദ്യഘട്ടത്തില്‍ നേമത്തെ ചര്‍ച്ചകള്‍. എന്നാല്‍ താന്‍ ഹരിപ്പാട്ടു തന്നെയായിരിക്കുമെന്ന് ചെന്നിത്തലയും സ്ഥിരീകരിച്ചു. അപ്പോള്‍ പിന്നെ നേമം തിരിച്ചുപിടിക്കുന്നത് ആരെന്നാണ് ചോദ്യം.

ശശി തരൂരിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്ന ഒന്ന്. തരൂര്‍ സ്ഥാനാര്‍ഥിയാവണമെന്ന നിര്‍ദേശം രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ചെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ സംസ്ഥാത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതിനോട് യോജിപ്പില്ലെന്നാണ് അറിയുന്നത്. തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്കു ചുവടു മാറ്റുന്നതിനോട് അവര്‍ക്കു വലിയ താത്പര്യമില്ല. 

നേമം തിരിച്ചുപിടിക്കുന്നതിന് അങ്കത്തിനിറങ്ങാന്‍ സന്നദ്ധനാണെന്ന് കെ മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. മത്സരിക്കാനില്ലെന്ന് നേരത്തെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നതാണ്. എംപിമാര്‍ നിയമസഭയിലേക്കു മത്സരിക്കേണ്ടെന്നുമാണ് മുരളീധരന്റെ നിലപാട്. തത്വത്തില്‍ ഇതു ഹൈക്കമാന്‍ഡ് അംഗീകരിക്കുന്നുണ്ടെങ്കിലും നേമത്തിന്റെ കാര്യത്തില്‍ ഇളവ് ആവാമെന്നാണ് നിലപാട്. അങ്ങനെയെങ്കില്‍ മുരളീധരന്‍ നേമത്തു സ്ഥാനാര്‍ഥിയാവാനിടയുണ്ട്. 

കോണ്‍ഗ്രസ് മത്സരിക്കുന്ന 91ല്‍ 81 പേരുടെ പട്ടിക തയാറാണെന്നാണ് നേതാക്കള്‍ പറയുന്നത്. എ്ന്നാല്‍ ഈ പട്ടികയില്‍ ആരൊക്കെ എന്നതു സംബന്ധിച്ചും ഇനിയും വ്യക്തമായ സൂചനകള്‍ പുറത്തുവന്നിട്ടില്ല. കോണ്‍ഗ്രസിന്റെ സംബന്ധിച്ച് ഇത്രയ്ക്കു രഹസ്യമായ നീക്കങ്ങള്‍ ഇത് ആദ്യമാണ്. നാളെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നാണ് ഇന്നലെ നേതാക്കള്‍ അറിയിച്ചത്. നേമത്തെ പ്രശസ്തന്‍ ആരെന്നറിയാന്‍ അതുവരെ കാക്കുക തന്നെ വേണമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com