'ബിജെപിക്ക് അസാധ്യ സാധ്യത, പട്ടികയില്‍ യുവാക്കളും സ്ത്രീകളും മതന്യൂനപക്ഷങ്ങളും'; മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ നേതാവ്

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും മികച്ച പരിഗണന നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും മികച്ച പരിഗണന നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പട്ടികയില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തെ പ്രതിനിധീകരിച്ച് എട്ട് പേര്‍ ഇടംപിടിച്ചിട്ടുണ്ട്. മുസ്ലീം മതവിഭാഗത്തില്‍ നിന്ന് രണ്ടു പേര്‍ ജനവിധി തേടുമെന്നും കെ സുരേന്ദ്രന്‍  പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു സുരേന്ദ്രന്‍. അതേസമയം കോണ്‍ഗ്രസ് വിട്ടുവന്ന പന്തളം പ്രതാപന്‍ അടൂരിലും ഡിവൈഎഫ്‌ഐ നേതാവ് കെ സഞ്ജു മാവേലിക്കരയിലും ജനവിധി തേടും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരനാണ് പന്തളം പ്രതാപന്‍.

പ്രഗത്ഭരാണ് പട്ടികയില്‍ ഇടംപിടിച്ചത്. എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പട്ടികയാണ് തയ്യാറാക്കിയത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞതവണ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫിന്റെ പിന്തുണയോടെ, ചതിയും വഞ്ചനയും നടത്തിയാണ് യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയത്. കോന്നിയുമായി വൈകാരികമായ അടുപ്പമുള്ളത് കൊണ്ടാണ് കോന്നിയില്‍ കൂടി മത്സരിക്കുന്നതെന്നും രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സുരേന്ദ്രന്‍ പറഞ്ഞു. 

രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് അസാധാരണമായ കാര്യമല്ല. മുന്‍പ് നിരവധി പ്രമുഖര്‍ ഇത്തരത്തില്‍ മത്സരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതിനെ തെറ്റായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.  തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി കാറ്റ് വീശുമെന്ന് മുതിര്‍ന്ന നേതാവും നേമത്ത് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അസാധ്യമായ സാധ്യതയെന്ന് തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുന്ന കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിന്് ഇനി കുറച്ചുദിവസങ്ങള്‍ മാത്രമേയുള്ളൂ. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ സാധിക്കും. ശ്രീധരന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. നിലവില്‍ തിരുവനന്തപുരത്ത് വികസനമില്ലാത്ത അവസ്ഥയാണ്. നല്ല റോഡുകള്‍ ഉണ്ടെങ്കിലും എടുത്തുകാണിക്കാന്‍ കഴിയുന്ന വികസനമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കഴക്കൂട്ടം ബൈപ്പാസാണ് എടുത്തുപറയാന്‍ കഴിയുന്ന ഒന്ന്. വികസനമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ബിജെപിയുടെ കൂടെ നേരെ പോകാമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com