അമിത് ഷായെ കാണാതെ യാക്കോബായ സഭാ നേതാക്കൾ ഡൽഹിയിൽ നിന്ന് മടങ്ങി; ബിജെപി നീക്കത്തിന് കനത്ത തിരിച്ചടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th March 2021 02:31 PM |
Last Updated: 14th March 2021 02:31 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡൽഹി: യാക്കോബായ സഭാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാതെ ഡൽഹിയിൽ നിന്ന് മടങ്ങി. പള്ളിത്തർക്ക വിഷയത്തിൽ കൃത്യമായ ഉറപ്പുകൾ ബിജെപി ദേശീയ നേതൃത്വത്തിൽ നിന്ന് ലഭിക്കാത്തത് ചർച്ചകൾക്ക് തിരിച്ചടിയായി. ഇതോടെ സഭയെ ഒപ്പം നിർത്താനുള്ള ബിജെപി നീക്കം പാളി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ദേശീയ, സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരും പലവട്ടം യാക്കോബായ സഭാ ബിഷപ്പുമാരുമായി ചർച്ച നടത്തിയിരുന്നു. തോമസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ ശനിയാഴ്ച മെത്രാപ്പൊലീത്തമാരും മറ്റു സഭാ ഭാരവാഹികളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ചർച്ച നടത്തുമെന്നും അറിയിച്ചിരുന്നു.
വ്യക്തമായ ഉറപ്പു ലഭിച്ചാൽ ബിജെപിയുമായി നീക്കുപോക്കുണ്ടാക്കാൻ പുത്തൻകുരിശിൽ ചേർന്ന യാക്കോബായ സുറിയാനിസഭ എപ്പിസ്‌കോപ്പൽ സുന്നഹദോസും വർക്കിങ് കമ്മിറ്റിയും പച്ചക്കൊടി കാട്ടി. എന്നാൽ പള്ളിത്തർക്കത്തിൽ തങ്ങൾക്കനുകൂലമായ ഒരു നിലപാട് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നായിരുന്നു യാക്കോബായ സഭയുടെ പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പു നൽകാൻ ബിജെപി നേതൃത്വത്തിനായില്ല.
നേരത്തെയുള്ള ബിജെപി- സഭ ചർച്ചകളനുസരിച്ച് മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, പിറവം എന്നിവിടങ്ങളിൽ യാക്കോബായ സുറിയാനി സഭ നിർദേശിക്കുന്നവരെ സ്ഥാനാർഥികളാക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. സഭാ ഭാരവാഹികളും വൈദികരുമടക്കം പല പ്രമുഖരും സ്ഥാനാർഥിപ്പട്ടികയിൽ ഉണ്ടാകുമെന്ന സൂചനകളുമുണ്ടായിരുന്നു. എന്നാൽ, ബിജെപിക്ക് പരസ്യ പിന്തുണ നൽകുന്നതിനെ സഭയിലെ ഒരുവിഭാഗം എതിർത്തിരുന്നു.