നേമത്ത് കെ മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2021 03:58 PM  |  

Last Updated: 14th March 2021 04:03 PM  |   A+A-   |  

congress leader muralidharan

കെ മുരളീധരന്‍ / ഫയല്‍ ചിത്രം

 


തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സിന് വിരാമമിട്ട് കോണ്‍ഗ്രസ് നേതാവ് കെ  മുരളീധരന്‍ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥി. ഇതോടെ നേമത്തെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. എല്‍ഡിഎഫിനായി മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി, എന്‍ഡിഎയ്ക്കായി കുമ്മനം രാജശേഖരനുമാണ് മത്സരരംഗത്തുള്ളത്. മൂന്ന് പാര്‍ട്ടികളും പ്രമുഖരെ സ്ഥാനാര്‍ഥികളാക്കിയതോടെ മത്സരം കടുക്കുമെന്നുറപ്പായി.

നേരത്തെ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഇളവ് അനുവദിച്ചാണ് മുരളീധരന് മത്സരിക്കാന്‍ അനുമതി നല്‍കിയത്.

നേരത്തെ ഡല്‍ഹിക്ക് പോകുന്നതിന് തൊട്ടുമുന്‍പ് മാധ്യമങ്ങളെ കണ്ട മുരളീധരന്‍ നേമത്ത് മത്സരിക്കുമെന്ന സൂചന നല്‍കിയിരുന്നു. നേമത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് മുരളീധരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. നേമം അത്ഭുതമാണെന്ന് പ്രചരിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചത്. 

ഇന്നലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നി നേതാക്കള്‍ വിളിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എംപിമാര്‍ക്ക് ഇളവ് നല്‍കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനമെടുക്കുക എന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

നേമത്ത് കോണ്‍ഗ്രസ് വിജയിക്കും. നേമം അത്ഭുതമാണ് എന്ന് പ്രചരിപ്പിക്കേണ്ടതില്ല. നേമത്ത് ബിജെപിക്ക് ഒരു കോട്ടയുമില്ല. വ്യക്തിപരമായ വോട്ടുകള്‍ കൊണ്ടാണ് ഒ രാജഗോപാല്‍ കഴിഞ്ഞ തവണ വിജയിച്ചത്. കഴിഞ്ഞ തവണ വിജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് കൊണ്ടാണ് കോണ്‍ഗ്രസ് തോറ്റതെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.