പാലുവിറ്റ് അതിജീവനം; ബാക്കി സമയം പൊതുപ്രവര്‍ത്തനം; കോണ്‍ഗ്രസിലെ 'ബേബി', കായംകുളത്ത് പ്രതിഭയ്‌ക്കെതിരെ അരിത
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th March 2021 05:51 PM |
Last Updated: 14th March 2021 05:51 PM | A+A A- |

അരിത ബാബു, യു പ്രതിഭ
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി അരിത ബാബു.27വയസ്സുകാരിയായ അരിത, കായംകുളം മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസില്‍ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ്.
ബി കോം ബിരുദധാരിയായ അരിത, സജീവമായി രാഷ്ട്രീയ രംഗത്തുണ്ട്. 21ആം വയസ്സില്‍ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് അംഗമായ അരിത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.
നിര്‍ധന കുടുംബത്തിലെ അംഗമാണ് അരിത എന്നു പറഞ്ഞാണ് കെപിപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അരിതയെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ പരിചയപ്പെടുത്തിയത്. പശുവിന്‍ പാലുവിറ്റ് ഉപജീവനം നടത്തുകയും ശേഷിക്കുന്ന സമയം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന വ്യക്തകിയാണ് അരിതയെന്ന് മുല്ലപ്പള്ളി പറഞ്ഞു. അരിതയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിക്ക് അഭിമാനമുണ്ടെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായ കായംകുളത്ത് ഇത്തവണയും യു പ്രതിഭയാണ് സിപിഎം സ്ഥാനാര്‍ത്ഥി. 2006ല്‍ കെ സുധാകരന്‍ മത്സരിച്ചു വിജയിച്ചതിന് ശേഷം എല്‍ഡിഎഫില്‍ നിന്ന് മണ്ഡലം കൈവിട്ടുപോയിട്ടില്ല.