'സുരേന്ദ്രന് കിട്ടിയത് മറ്റാര്‍ക്കും കിട്ടാത്ത സൗഭാഗ്യം; രണ്ടിടത്തും വിജയാശംസകള്‍'; പരിഹാസവുമായി ശോഭാ സുരേന്ദ്രന്‍

കെജി മാരാര്‍ക്കും അതുപോലെ ആദരണയീരായ ഒ രാജഗോപാലിനും കുമ്മനം രാജശേഖരനും ഉള്‍പ്പടെ മറ്റാര്‍ക്കും കിട്ടാത്ത വളരെ വലിയ സൗഭാഗ്യമാണ് കേന്ദ്രനേതൃത്വം അദ്ദേഹത്തിന് കനിഞ്ഞ് നല്‍കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


പാലക്കാട്: ബിജെപി സ്ഥാനാര്‍ഥി പട്ടികയ്ക്ക് പിന്നാലെ തുറന്നടിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍.  സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കിട്ടിയത് മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണെന്നും മത്സരിക്കുന്ന രണ്ട് മണ്ഡലത്തിലും അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. പ്രഗത്ഭന്‍മാരാണ് പട്ടികയില്‍ ഇടംപിടിച്ചവരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കെജി മാരാര്‍ക്കും അതുപോലെ ആദരണയീരായ ഒ രാജഗോപാലിനും കുമ്മനം രാജശേഖരനും ഉള്‍പ്പടെ മറ്റാര്‍ക്കും കിട്ടാത്ത വളരെ വലിയ സൗഭാഗ്യമാണ് കേന്ദ്രനേതൃത്വം അദ്ദേഹത്തിന് കനിഞ്ഞ് നല്‍കിയത്. രണ്ട് സീറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. രണ്ട് സീറ്റിലും വിജയാശംസകള്‍ നേരുന്നു.മത്സരിക്കാനില്ലെന്ന് വളരെ നേരത്തെ തന്നെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വം എന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തന്റെ അഭിപ്രായം അറിയിച്ചപ്പോള്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാവുമെന്നും ഇന്നലെ കേന്ദ്രനേതൃത്വം തന്നെ അറിയിച്ചിരുന്നു. എന്നാല്‍ പട്ടിക വന്നപ്പോള്‍ തന്റെ പേര് അതിലില്ലെന്നും ശോഭ പറഞ്ഞു. 

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയായാലും അത് ഭംഗിയായി നിര്‍വഹിക്കും. ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ ജയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതാണ് പ്രധാനമെന്നും തന്റെ കാര്യത്തിന് പ്രസക്തിയല്ലെന്നും ശോഭ പറഞ്ഞു. അതേസമയം ശോഭാ സുരേന്ദ്രന് സ്ഥാനാര്‍ഥിത്വം നല്‍കിയാല്‍ താന്‍ രാജിവെക്കുമെന്ന് കേന്ദ്രനേതൃത്വത്തെ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെയാണ് ശോഭയുടെ പേര് പട്ടികയില്‍ ഇടംപിടിക്കാതെ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com