അമ്മയ്ക്കും സംഘത്തിനുമൊപ്പം പോകാൻ വയ്യ, 'ഒറ്റയാനായി' കുട്ടിയാന, പിന്നാലെ കൂടി വനപാലകർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2021 09:19 AM |
Last Updated: 15th March 2021 09:19 AM | A+A A- |

പ്രതീകാത്മക ചിത്രം
നിലമ്പൂർ; ആനക്കൂട്ടത്തിൽ നിന്ന് തെറ്റി ഒറ്റയാനായി നടന്ന കുട്ടിയാനയെ തിരിച്ചുവിടാനുള്ള വനപാലകരുടെ ശ്രമം പരാജയപ്പെട്ടു. ഒറ്റപ്പെട്ട് നടന്ന ആനയെ പിടികൂടി ആനക്കൂട്ടത്തിന്റെ അടുത്തെത്തിച്ചെങ്കിലും കൂട്ടത്തിനൊപ്പം ചേരാൻ ഇതുവരെ തയാറായിട്ടില്ല.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വഴിക്കടവ് ആനപ്പാറ ജുമാ മസ്ജിദിന് ചേർന്ന് വനാതിർത്തിയിൽ കാട്ടാന കുട്ടി ഒറ്റപ്പെട്ട് നടക്കുന്നതായി നാട്ടുകാർ വനപാലകരെ അറിയിച്ചത്. വനപാലകരെത്തി ആനക്കുട്ടിയെ നിരീക്ഷിച്ച് വരുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കാരക്കോട് പുത്തരിപ്പാടം മൈതാനത്ത് ആനക്കുട്ടി ഇറങ്ങി. വനപാലകരെത്തി ആനക്കുട്ടിയെ പിടികൂടി. ആരോഗ്യവനാണെന്ന് ബോധ്യമായതോടെ കാട്ടിലെ അമ്മ ഉൾപ്പെടുന്ന മറ്റു ആനക്കൂട്ടത്തോടൊപ്പം കുട്ടിയെ പറഞ്ഞു വിടാനുള്ള ശ്രമം ആരംഭിച്ചു.
രാത്രി ഏഴരയോടെ അട്ടി വനമേഖലയിൽ ആനക്കൂട്ടത്തെ കണ്ടെത്തിയ വനപാലകർ ആനക്കുട്ടിയെ കൂട്ടത്തിന് സമീപം ഉപേക്ഷിച്ചു. എന്നാൽ ആനക്കുട്ടി കൂട്ടത്തോടൊപ്പം ചേരാതെ ഒറ്റപ്പെട്ട് നടക്കുകയാണ്. ശനിയാഴ്ച രാത്രി കൂടി ശ്രമം നടത്തിയ ശേഷം കൂട്ടത്തിൽ ചേരാതെ വന്നാൽ ആന കുട്ടിയെ പിടികൂടി സംരക്ഷിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. വഴിക്കടവ് ഫോറസ്റ്റ് ഓഫീസർ കിഴക്കേ പാട്ടിൽ ശിവദാസന്റെ നേതൃത്വത്തിലാണ് ആനക്കുട്ടിയെ രാത്രിയും പകലും നിരീക്ഷിക്കുന്നത്.