ഹൃദയം കവർന്ന കൃഷ്ണ വേഷങ്ങൾ; ഒൻപത് പതിറ്റാണ്ട് നീണ്ട അസാമാന്യ കലാ സഞ്ചാരം; അനുപമമായ ഒരു യു​ഗത്തിന് തിരശ്ശീല

ഹൃദയം കവർന്ന കൃഷ്ണ വേഷങ്ങൾ; ഒൻപത് പതിറ്റാണ്ട് നീണ്ട അസാമാന്യ കലാ സഞ്ചാരം; അനുപമമായ ഒരു യു​ഗത്തിന് തിരശ്ശീല
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ/ ഫെയ്സ്ബുക്ക്
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ/ ഫെയ്സ്ബുക്ക്

ത്തര മലബാറിലെ കഥകളി രംഗത്തെ പുനരുജ്ജീവിപ്പിച്ച ആചാര്യനായിരുന്നു ​ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ.  കഥകളിയുടെ വടക്കൻ രീതിയായ കല്ലടിക്കോടൻ ചിട്ടയുടെ പ്രചാരകരിൽ പ്രധാനിയായിരുന്നു അദ്ദേഹം.100 വയസിന് ശേഷവും പല വേദികളിലും കഥകളി വേഷം കെട്ടിയിരുന്നു. 

അരങ്ങിൽ പകർന്നാടിയ ഗുരുവിന്റെ കൃഷ്ണ വേഷങ്ങളായിരുന്നു ഏറ്റവും പ്രസിദ്ധം. കഥകളി, നൃത്തം, കേരള നടനം എന്നിവയുടെ അവതാരകനും പ്രചാരകനും ​ഗുരുനാഥനും ആയി അദ്ദേഹം ഒൻപത് പതിറ്റാണ്ടോളം കാലം തന്റെ കലാസപര്യ തുടർന്നു.  

മടൻകണ്ടി ചാത്തുകുട്ടി നായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26നാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ജനനം. കീഴ്പയൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിലെ കളിവിളക്കിനു മുന്നിൽ ആദ്യമായി ചുട്ടി കുത്തി കഥകളി വേഷം അണിയുമ്പോൾ പതിനാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം 90 വർഷത്തോളം അരങ്ങിൽ സജീവമായിരുന്നു. 

ചെങ്ങോട്ടുകാവ് എലിമെന്ററി സ്‌കൂളിലും ചെങ്ങോട്ടുകാവ് ഈസ്‌റ്റ് യു.പി സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. നാലാം ക്ലാസു വരെയേ പഠനം തുടരാനായുള്ളു. കാർഷികവൃത്തി മുഖ്യമായി കണ്ടിരുന്ന കുടുംബത്തിൽ പിറന്ന കുഞ്ഞിരാമൻ നായർ കലയുടെ പിന്നാലെ പോകുന്നതിനോട് വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. നാടുവിട്ട് മേപ്പയൂരിലെ രാധാകൃഷ്ണ കഥകളി യോഗത്തിൽ ചേർന്ന അദ്ദേഹം ഗുരു കരുണാകര മേനോന്റെ കീഴിലാണ് കഥകളി അഭ്യസിച്ചു തുടങ്ങിയത്. 

ആദ്യം നൃത്ത പഠനത്തിൽ തുടങ്ങി. ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞ് കഥകളി പഠനത്തിലായി പിന്നീട് ശ്രദ്ധ. കൃഷ്ണനാണ് ഇഷ്ടവേഷം. ദുര്യോധന വധം, കുചേലവൃത്തം, സന്താനഗോപാലം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകളിൽ കൃഷ്ണനായി അവതരിച്ച് കുഞ്ഞിരാമൻ നായർ കലാപ്രേമികളുടെ ഹൃദയം കവർന്നു. 

പ്രശസ്ത നർത്തകി ബാലചന്ദ്ര സരസ്വതി ഭായി, ഗുരു ഗോപിനാഥ്, കലാമണ്ഡലം മാധവൻനായർ തുടങ്ങിയവരുടെ കീഴിൽ ഭരതനാട്യമുൾപ്പെടെ ഭാരതീയ നൃത്തരൂപങ്ങളിലും പ്രാവീണ്യം നേടി. ഗുരു ഗോപിനാഥിനൊപ്പം കേരളനടനം എന്ന നൃത്തരൂപത്തിന്റെ രൂപകല്പനയിലും അവതരണത്തിലും സജീവമായി പ്രവർത്തിച്ചു.

കഥകളിയോടൊപ്പം നൃത്ത അധ്യാപനത്തിലും അദ്ദേഹം മലയാളത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാവില്ല. ഗാന്ധിജിക്ക് തന്റെ സ്വർണാഭരണങ്ങൾ സംഭാവന നൽകി ശ്രദ്ധേയയായ കണ്ണൂർ ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപികയായിരുന്ന കൗമുദി ടീച്ചർ ആണ് ഗുരു ചേമഞ്ചേരിയെ നൃത്ത അധ്യാപനത്തിലേക്ക് ആനയിക്കുന്നത്. 1931 മുതൽ നൃത്തഅധ്യാപനം ആരംഭിച്ച അദ്ദേഹം1944ൽ കണ്ണൂരിൽ ഭാരതിയ നൃത്ത കലാലയം ആരംഭിച്ചു. ഉത്തരമലബാറിലെ ആദ്യത്തെ നൃത്ത വിദ്യാലയമായിരുന്നു ഇത്. 1946ൽ തലശേരിയിൽ ഭാരതിയ നാട്യകലാലയവും മലബാർ സുകുമാരൻ ഭാഗവതർ ചേമഞ്ചേരി ശിവദാസ് എന്നിവരുടെ സഹായത്തോടെ 1974ൽ കോഴിക്കോട് പൂക്കാട് യുവജന കലാലയവും അദ്ദേഹം ആരംഭിച്ചു. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ശിഷ്യർ ഗുരുവിന് കീഴിൽ പഠിച്ചിറങ്ങി.

ഏറെക്കാലം നൃത്തനാടക രംഗത്തും നൃത്തപഠനത്തിലും മുഴുകിയപ്പോഴും ഗുരുവിന്റെ മനസ് മുഴുവൻ കഥകളിയായിരുന്നു. കഥകളിയുടെ ഉന്നമനം ലക്ഷ്യമിട്ട് ചേലിയയിലെ സ്വന്തം തറവാട്ടുവളപ്പിൽ 1983ലാണ് പ്രശസ്തമായ ചേലിയ കഥകളി വിദ്യാലയത്തിന് അദ്ദേഹം തുടക്കമിടുന്നത്. കേരളത്തിലെ പ്രമുഖ കലാവിദ്യാലയങ്ങളിൽ ഒന്നായി അത് മാറി. കഥകളിക്കൊപ്പം നൃത്തവും ഉപകരണസംഗീതവും ചേലിയയിൽ അഭ്യസിപ്പിക്കുന്നു. ലോകമെമ്പാടും കഥകളി അവതരിപ്പിക്കുന്ന പ്രഗത്ഭർ അണിനിരക്കുന്ന കഥകളി സംഘം ഈ കഥകളിവിദ്യാലയത്തിനുണ്ട്. കഥകളി പഠനശിബിരങ്ങളും ഇവിടെ നടത്തപ്പെടുന്നു. വടക്കൻ മലബാറിൽ കഥകളിയുടെ പ്രചാരം വർധിപ്പിക്കുന്നതിൽ ഈ സ്ഥാപനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

2017ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. 1979ൽ നൃത്തത്തിനു സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. 1999ൽ കഥകളിക്കും നൃത്തത്തിനും കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, 2001ൽ കേരള കലാമണ്ഡലത്തിന്റെ വിശിഷ്‌ടസേവന പുരസ്‌കാരം, കലാമണ്ഡലം ഏർപ്പെടുത്തിയ കലാരത്നം അവാർഡ്, കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ വയോശ്രേഷ്ഠ പുരസ്കാരം, 2002-ൽ കലാദർപ്പണം നാട്യ കുലപതി അവാർഡ്, മയിൽപ്പീലി പുരസ്‌കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചു.

സംഗീത നാടക അക്കാദമി എക്‌സിക്യൂട്ടിവ് അംഗം, കലാമണ്ഡലം നൃത്തവിഭാഗം പരീക്ഷകൻ, വിശ്വകലാകേന്ദ്രം എക്‌സിക്യൂട്ടീവ് അംഗം പത്തു കൊല്ലം കേരളസർക്കാർ നടനഭുഷണം എക്സാമിനറായും മൂന്നു വർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗമായും സേവനമനുഷ്ടിച്ചു. ഗുരുവിനെ മുഖ്യകഥാപാത്രമായി നിർമിച്ച സിനിമയാണ് മുഖംമൂടികൾ. ജീവിതം മുഴുവൻ കഥകളിക്കായി ഉഴിഞ്ഞുവെച്ച കഥകളിയാചാര്യനായിട്ടാണ് അദ്ദേഹം വേഷമിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com