15 വനിതകളെ പരിഗണിച്ചു, പലരും മത്സരിക്കാന്‍ തയ്യാറായില്ലെന്ന് മുല്ലപ്പള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2021 11:43 AM |
Last Updated: 15th March 2021 11:43 AM | A+A A- |
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ 15 വനിതകളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ ചിലയിടത്ത് മത്സരിക്കാന്‍ തയ്യാറല്ലെന്ന് പരിഗണിച്ച സ്ത്രീകള്‍ തന്നെ അറിയിച്ചു. അതുകൊണ്ടാണ് അല്‍പം കുറഞ്ഞുപോയത്. അല്ലെങ്കില്‍ തങ്ങള്‍ ആഗ്രഹിച്ചതുപോലെ നടന്നേനെ എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഒന്‍പത് സ്ത്രീകള്‍ക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരിക്കുന്നത്.
സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച നടപടി ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ ദുഖിതനാണ്. തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ല. ലതിക സുഭാഷിന് കഴിഞ്ഞ തവണ സീറ്റ് കൊടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ജയിക്കാന്‍ സാധിച്ചില്ല.
ഇത്തവണയും സീറ്റ് കൊടുക്കണമെന്നാണ് ആഗ്രഹിച്ചത്. ഏറ്റുമാനൂര്‍ സീറ്റ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണ് ചെയ്തത്. ഏറ്റുമാനൂരുമായി ബന്ധപ്പെട്ട ചര്‍ച്ച ദിവസങ്ങളോളം വഴിമുട്ടിയത് നിങ്ങള്‍ കണ്ടതാണ്. മനപ്പൂര്‍വ്വം കൊടുക്കാത്തതല്ല, അതവര്‍ക്കും അറിയാം. ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്.-മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
അച്ചടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ മുന്നോട്ടുപോയ ചരിത്രമുള്ളു. ഇക്കാര്യത്തിലും അതാണ് സംഭവിക്കാന്‍ പോകുന്നത്. ലതികയുടെ നടപടി ദൗര്‍ഭാഗ്യകരമായിപ്പോയി. ലതിക സുഭാഷിന് വലിയ അംഗീകാരം കൊടുത്ത് പാര്‍ട്ടി ബഹുമാനിക്കുമെന്നു പറഞ്ഞിരുന്നു. അത് സ്വീകാര്യമല്ലെന്നാണ് അവര്‍ മറുപടി നല്‍കിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.