പുരുഷന്മാര്‍ വച്ചു നീട്ടുന്ന അപ്പ കഷ്ണം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥ; ലതിക സുഭാഷിന് പിന്തുണയുമായി റോസക്കുട്ടി ടീച്ചര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2021 05:03 PM |
Last Updated: 15th March 2021 05:03 PM | A+A A- |

ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നു/എഎന്‍ഐ
തിരുവനന്തപുരം: ലതിക സുഭാഷിന്റെ തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തില്‍ പ്രതികരണവുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഇനിയെങ്കിലും മാറി ചിന്തിക്കാന്‍ നേതൃത്വം തയ്യാറാവണമെന്ന് കെ സി റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. സ്ത്രീകളെ പരിഗണിക്കേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. പുരുഷന്മാര്‍ വച്ചു നീട്ടുന്ന അപ്പകഷ്ണം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണുള്ളത്. തലമുണ്ഡനം ചെയ്ത സംഭവം ദോഷകരമായി ബാധിക്കുമെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.
ലതിക സുഭാഷ് എല്ലാ സീമകളും ലംഘിച്ചുവെന്ന് എം എം ഹസന്‍ പറഞ്ഞു. ലതിക സുഭാഷിന് സീറ്റ് ലഭിക്കാത്തതില്‍ ദുഖമുണ്ടെന്ന് പറഞ്ഞ എംഎം ഹസന്‍, പ്രതിഷേധിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ലെന്നും കുറ്റപ്പെടുത്തി. പക്വമതിയായ ലതിക സുഭാഷ്, പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് കാലത്തു പ്രതിരോധത്തിലാക്കുകയാണുണ്ടായതെന്ന് ലാലി വിന്‍സെന്റ് പറഞ്ഞു. എല്ലാ കാലത്തും സ്ത്രീകള്‍ക്ക് പ്രതിനിധ്യം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കെപിസിസി ആസ്ഥാനത്തു ലതിക സുഭാഷ് നടത്തിയ സംഭവങ്ങളെ പുച്ഛത്തോടെ കാണുന്നതായും ലാലി വിന്‍സെന്റ് പറഞ്ഞു.
മുണ്ഡനം ചെയ്ത മുടി വളരും, പക്ഷെ പാര്‍ട്ടിക്ക് ഉണ്ടാക്കിയ അവമതിപ്പ് മാറില്ലെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആദ്യം പാര്‍ട്ടിക്കകത്ത് പറയുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.