ഏറ്റുമാനൂരില്‍ ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ഥി

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്  തലമൊട്ടയടിച്ച് രാജിവെച്ച മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും
ലതികാ സുഭാഷ് മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
ലതികാ സുഭാഷ് മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

കോട്ടയം: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്  തലമൊട്ടയടിച്ച് രാജിവെച്ച മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഏറ്റുമാനുരില്‍ നടത്തിയ കണ്‍വെന്‍ഷനിലാണ് ലതിക സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൊതികൊണ്ടല്ല, എന്നാലും ഏറ്റുമാനൂരില്‍ പാര്‍ട്ടി സീറ്റ് നല്‍കുമെന്ന് വിശ്വസിച്ച വിഡ്ഡിയാണ് താനെന്നും ലതിക പറഞ്ഞു. എന്റെ പ്രിയപ്പെട്ടവരാണ് എന്നെ രാഷ്ട്രീയം പഠിപ്പിച്ചത്. എന്നാല്‍ രാഷ്ട്രീയക്കാരിയായില്ലെന്നതാണ് എന്റെ ദൗര്‍ഭാഗ്യം. നാട്ടില്‍ ആര് വേദനിച്ചാലും എന്റെ നേതാക്കള്‍ പോകാറുണ്ട്. എന്റെ മനസ് വേദനിച്ചപ്പോള്‍ ആരും വന്നില്ലെന്നും ലതിക പറഞ്ഞു.  20 ശതമാനം സീറ്റുകള്‍ മഹിളകള്‍ക്ക് വേണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. മാര്‍ച്ച് എട്ടിന് സീറ്റ് കിട്ടിയില്ലെങ്കില്‍ തല മൊട്ടയടിക്കുമെന്ന് എകെ ആന്റണിയെ
അറിയിച്ചിരുന്നതായും ലതിക പറഞ്ഞു. 

16 വയസുമുതല്‍ ഈ പ്രസ്ഥാനത്തിന് വേണ്ടിയാണ് ചെലവഴിച്ചത്. മഹിളാ കോണ്‍ഗ്രസിനെ തഴഞ്ഞതിന്റെ പേരില്‍ താന്‍ നടത്തിയ പോരാട്ടം നാളെകളില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാനായിരുന്നെന്ന് കാലം അംഗീകരിക്കുമെന്നും ലതിക പറഞ്ഞു. മനസ് വേദനിച്ചപ്പോള്‍ തന്നെ ഒരു നേതാവും പോലും വിളിച്ചില്ല. തലമുണ്ഡനം ചെയ്യല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. നാളെ പൊതുരംഗത്ത് ഒരു സ്ത്രീക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുത്. താന്‍ മുദ്രാവാക്യം വിളിച്ച നേതാക്കള്‍ക്ക് പോലും തന്നെ മനസിലായില്ലെന്നും ലതിക പറഞ്ഞു.

എന്റെ പ്രസ്ഥാനത്തോട് ഇഷ്ടമില്ലാത്തതുകൊണ്ടല്ല. ശരീരത്തില്‍ പഴുത്ത വൃണം ഞെക്കിക്കളയുമ്പോള്‍ വേദനയുണ്ടാകും. പക്ഷേ അത് പുറത്തുപോയില്ലെങ്കില്‍ അതീവ ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കും. ഒരു സ്ത്രീക്ക് പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ പുരുഷനേക്കാള്‍ ബുദ്ധിമുട്ടാണ് ലതിക പറഞ്ഞു. 

ഏറ്റുമാനൂരില ജനങ്ങള്‍ കൈ അടയാളത്തില്‍ വോട്ട് ചെയ്യാന്‍ വേണ്ടി കൊതിക്കുകയാണെന്ന് പറഞ്ഞ ലതിക 1987-ല്‍ ജോര്‍ജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മത്സരിച്ച സംഭവവും ഓര്‍മിപ്പിച്ചു. 'ജോര്‍ജ് ജോസഫ് പൊടിപ്പാറ കൈ അടയാളത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിട്ടും സീറ്റ് ലഭിച്ചില്ല. ഒടുവില്‍ അദ്ദേഹം സ്വതന്ത്രനായി ഉദയസൂര്യന്റെ ചിഹ്നത്തില്‍ മത്സരിച്ചു. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ കെട്ടിവെച്ച കാശുപോലും നഷ്ടപ്പെടുത്തിക്കൊണ്ട് തോല്‍പിച്ച് അദ്ദേഹം വിജയശ്രീലാളിതനായി കടന്നുവന്ന ചരിത്രം ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിനുണ്ട്.

കേരള കോണ്‍ഗ്രസ് വിഭാഗം ഈ സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് കടുംപിടിത്തത്തിലാണ് എന്നാണ് നേതൃത്വം പറഞ്ഞത്. എന്നാല്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ എന്നോട് പറഞ്ഞത് ഞങ്ങള്‍ക്ക് വലിയ നിര്‍ബന്ധമൊന്നും ഇല്ലായിരുന്നു, നിര്‍ബന്ധം കോണ്‍ഗ്രസിനായിരുന്നു എന്നാണ്. സ്ത്രീകളുടെ വിഷമം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്ര വലിയ രാജ്യസേവനം ചെയ്തതുകൊണ്ടും കാര്യമില്ലെന്നും
ലതിക പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com