ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും, പ്രഖ്യാപനം ഇന്ന്

കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നാണ് ലതികയുടെ നിലപാട്
സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്തപ്പോൾ/ ഫോട്ടോ; ബിപി ദീപു
സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്തപ്പോൾ/ ഫോട്ടോ; ബിപി ദീപു

തിരുവനന്തപുരം; പാർട്ടിയിൽ നിന്നുള്ള അവ​ഗണനയെ തുടർന്ന് രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. പ്രവർത്തകരുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. പ്രചാരണവും ഇന്നു തന്നെ ആരംഭിച്ചേക്കുമെന്നാണ് സൂചന. 

കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതിഷേധവുമായി ലതിക സുഭാഷ് രം​ഗത്തെത്തിയത്. കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നാണ് ലതികയുടെ നിലപാട്. പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജി വയ്‍ക്കുമെന്നും വ്യക്തമാക്കി. തനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്ന് ലതിക സുഭാഷ് പറയുന്നു.

കെപിസിസി പ്രസിഡന്‍റിനെ വിളിച്ചിട്ട്‌ ഫോൺ പോലും എടുത്തില്ല. ഏറ്റുമാനൂർ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപിനിൽ മത്സരിക്കാൻ തയ്യാറായിരുന്നു, എന്നാല്‍ അത് നടന്നില്ലെന്ന് ലതിക പറയുന്നു. ഒരു പാർട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരിൽ ജയിക്കാനാകും എന്നാണ് വിശ്വാസമെന്നും ലതിക പ്രതികരിച്ചു. ഏറ്റുമാനൂരിൽ മുൻപും സ്വതന്ത്ര സ്ഥാനാർഥികൾ ജയിച്ച മണ്ഡലമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലതികാ സുഭാഷിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നാടകീയ സംഭവങ്ങളാണ് കെപിസിസി ആസ്ഥാനത്തിന് മുന്‍പില്‍ ഇന്നലെ അരങ്ങേറിയത്. തല മുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധം. മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്ന് ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് നിഷേധിച്ചതിലൂടെ താന്‍ അപമാനിതയായി. തന്നേക്കാള്‍ പ്രായം കുറഞ്ഞവര്‍ വരെ നിയമസഭയിലെത്തുന്നു. ഒരു തിരുത്തല്‍ വരുത്തേണ്ടത് ഈ ഘട്ടത്തിലാണ്. അതിനാലാണ് തെരഞ്ഞെടുപ്പ് ഘട്ടം തന്നെ തെരഞ്ഞെടുത്തത്. പാര്‍ട്ടിക്ക് വേണ്ടി അലയുകയും പണിയെടുക്കുകയും ചെയ്യുന്ന വനിതകളെ അവഗണിക്കുന്ന പതിവ് മാറട്ടേയെന്നും ലതികാ സുഭാഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com