ലതിക സുഭാഷ് മത്സരിക്കട്ടേയെന്ന് ഉമ്മൻ ചാണ്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2021 07:50 PM |
Last Updated: 15th March 2021 07:51 PM | A+A A- |

ഉമ്മന്‍ചാണ്ടി /ഫയല്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര സ്ഥാനാർഥിയായി ഒരാൾ മത്സരിക്കാൻ തീരുമാനിച്ചാൽ തടയാനാവില്ല. ലതിക സുഭാഷ് മത്സരിക്കട്ടേയെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.
സ്ഥാനാർഥിത്വം നിഷേധിച്ചതിനു പിന്നാലെ പാർട്ടിസ്ഥാനങ്ങൾ രാജിവെച്ച ലതിക സുഭാഷ് ഇന്ന് വിളിച്ചുചേർത്ത കൺവെൻഷനിലാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
താൻ ഇപ്പോഴും കോൺഗ്രസുകാരിയാണെന്നും മറ്റ് പാർട്ടികളിലേക്ക് പോകില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്നതു മുതലുള്ള 30 വർഷത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് സ്വതന്ത്രയായി മത്സരിക്കാനുള്ള തീരുമാനം ലതിക സുഭാഷ് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൊതികൊണ്ടല്ല, എന്നാലും ഏറ്റുമാനൂരിൽ പാർട്ടി സീറ്റ് നൽകുമെന്ന് വിശ്വസിച്ച വിഡ്ഢിയാണ് താനെന്നും ലതിക പറഞ്ഞു. എന്റെ പ്രിയപ്പെട്ടവരാണ് എന്നെ രാഷ്ട്രീയം പഠിപ്പിച്ചത്. എന്നാൽ രാഷ്ട്രീയക്കാരിയായില്ലെന്നതാണ് എന്റെ ദൗർഭാഗ്യം. നാട്ടിൽ ആര് വേദനിച്ചാലും എന്റെ നേതാക്കൾ പോകാറുണ്ട്. എന്റെ മനസ് വേദനിച്ചപ്പോൾ ആരും വന്നില്ലെന്നും ലതിക പറഞ്ഞു. 20 ശതമാനം സീറ്റുകൾ മഹിളകൾക്ക് വേണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ഉണ്ടായില്ല. മാർച്ച് എട്ടിന് സീറ്റ് കിട്ടിയില്ലെങ്കിൽ തല മൊട്ടയടിക്കുമെന്ന് എകെ ആന്റണിയെ അറിയിച്ചിരുന്നതായും ലതിക പറഞ്ഞു.