ലീഗ് തമ്മിലടിയില്‍ കണ്ണുനട്ട് ഇടതുമുന്നണി ; തിരൂരങ്ങാടിയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ മാറ്റി

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ നിയാസ് പുളിക്കലകത്ത് ഇടതുമുന്നണി സ്വതന്ത്രനായി മല്‍സരിച്ചിരുന്നു
നിയാസ് പുളിക്കലകത്ത്/ഫയല്‍ ചിത്രം
നിയാസ് പുളിക്കലകത്ത്/ഫയല്‍ ചിത്രം

മലപ്പുറം : തിരൂരങ്ങാടി മണ്ഡലത്തില്‍ മുസ്ലിം ലീഗിലെ തമ്മിലടി മുതലാക്കുക ലക്ഷ്യമിട്ട് ഇടതുമുന്നണി. തിരൂരങ്ങാടിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചയാളെ സിപിഐ മാറ്റി. സിപിഐ ജില്ലാ അസിസ്റ്റന്റെ സെക്രട്ടറി അജിത് കൊളാടിയെയാണ് മാറ്റിയത്. 

പകരം നിയാസ് പുളിക്കലകത്തിനെ തിരൂരങ്ങാടിയിലെ സിപിഐ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ മുന്‍മന്ത്രി പി കെ അബ്ദുറബ്ബിനെതിരെ നിയാസ് പുളിക്കലകത്ത് ഇടതുമുന്നണി സ്വതന്ത്രനായി മല്‍സരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടമാണ് നിയാസ് നടത്തിയത്.

നിലവില്‍ സിഡ്‌കോ ചെയര്‍മാനാണ് നിയാസ് പുളിക്കലകത്ത്. കെഎസ് യു വിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയരംഗത്തെത്തിയ നിയാസ് പിന്നീട് കോണ്‍ഗ്രസില്‍ സജീവമാകുകയായിരുന്നു. കോണ്‍ഗ്രസിന്റെ പരപ്പനങ്ങാടി മണ്ഡലം ട്രഷററായിരുന്ന നിയാസ് പിന്നീട് മുസ്ലിം ലീഗിനെതിരെ പരപ്പനങ്ങാടിയില്‍ രൂപംകൊണ്ട ജനകീയ വികസന മുന്നണിയുടെ അമരക്കാരിലൊരാളായി മാറുകയായിരുന്നു. 

തിരൂരങ്ങാടിയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെയാണ് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിനെതിരെ മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്ന് പറഞ്ഞാണ് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com