വിഷ്ണുനാഥോ ജ്യോതിയോ ?; ശ്രദ്ധാകേന്ദ്രമായി വട്ടിയൂര്‍ക്കാവ് ; പ്രഖ്യാപനം ഇന്നുതന്നെ

നേരത്തെ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിച്ചിരുന്നു
പി സി വിഷ്ണുനാഥ്, ജ്യോതി വിജയകുമാർ/ഫയല്‍ ചിത്രം
പി സി വിഷ്ണുനാഥ്, ജ്യോതി വിജയകുമാർ/ഫയല്‍ ചിത്രം

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നു. കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ വി കെ പ്രശാന്തിലൂടെ സിപിഎം പിടിച്ചെടുത്ത മണ്ഡലം കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തിരിച്ചുപിടിക്കണമെന്നാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് അഭിമാനപോരാട്ടമായാണ് കാണുന്നത്. 

എഐസിസി സെക്രട്ടറിയും യുവ നേതാവുമായ പി സി വിഷ്ണുനാഥിന്റെ പേരുകളാണ് അവസാന ഘട്ടത്തില്‍ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍, രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധ നേടിയ ജ്യോതി വിജയകുമാറിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. 

നേരത്തെ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്ന നിലപാടുമായി മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. 

വിഷ്ണുനാഥിനെതിരെയും മണ്ഡലത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ തന്റെ അടുത്ത ആളായ വിഷ്ണുനാഥിന് സീറ്റ് ഉറപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും തീവ്രശ്രമം നടത്തുന്നു. മുന്‍ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിയുടെ പേരും തുടക്കത്തില്‍ വട്ടിയൂര്‍ക്കാവിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു. 

മണ്ഡലപുനര്‍നിര്‍ണയത്തെത്തുടര്‍ന്ന് രൂപമെടുത്ത വട്ടിയൂര്‍ക്കാവില്‍ 2011 ല്‍ മല്‍സരിക്കാനെത്തിയ കെ മുരളീധരന്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷകളെപ്പോലും ഞെട്ടിച്ച് 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016 ല്‍ മുരളീധരനെതിരെ ബിജെപി കുമ്മനം രാജശേഖരനെയും സിപിഎം ടി എന്‍ സീമയെയും രംഗത്തിറക്കി. ശക്തമായ ത്രികോണമല്‍സരത്തില്‍ 7,622 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുരളീധരന്‍ വീണ്ടും സീറ്റ് നിലനിര്‍ത്തിയത്. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സിപിഎമ്മിന്റെ കരുത്തനായ പി ജയരാജനെ നേരിടാന്‍ കോണ്‍ഗ്രസ് കെ മുരളീധരനെ നിയോഗിക്കുകയായിരുന്നു. ജയരാജനെ തകര്‍ത്ത് മുരളി അവിടെയും വിജയക്കൊടി നാട്ടി. തുടര്‍ന്ന് മുരളി രാജിവെച്ചതിനെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം സിപിഎം പിടിച്ചെടുത്തത്. 

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായിരുന്ന വി കെ പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ കെ മോഹന്‍കുമാര്‍ 40365 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ് 27453 വോട്ടുകളുമാണ് നേടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com