മുഖ്യമന്ത്രിക്കെതിരെ പോരിന് ആര് ?; ധര്‍മ്മടത്തും 'വമ്പന്‍' സ്ഥാനാര്‍ത്ഥിയെ തിരഞ്ഞ് കോണ്‍ഗ്രസ്

പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനെയാണ് ധര്‍മ്മടത്ത് പോരിന് ബിജെപി ഇറക്കിയിരിക്കുന്നത്
പിണറായി വിജയന്‍/ഫയല്‍ ചിത്രം
പിണറായി വിജയന്‍/ഫയല്‍ ചിത്രം

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ വമ്പൻ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞ് കോണ്‍ഗ്രസ്. പിണറായിക്കെതിരെ കരുത്തനെ തന്നെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ധര്‍മ്മടത്ത് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനെയാണ് മല്‍സരിപ്പിക്കാന്‍ യുഡിഎഫ് കണ്ടുവെച്ചിരുന്നത്. 

എന്നാല്‍ ധര്‍മ്മടത്ത് മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി ദേവരാജന്‍ പിന്മാറി. സിപിഎം പി ബി അംഗത്തിനെതിരെ പാര്‍ട്ടി ദേശീയ സെക്രട്ടറി മല്‍സരിക്കേണ്ടെന്ന ഫോര്‍വേഡ് ബ്ലോക്ക് കേന്ദ്രക്കമ്മിറ്റി തീരുമാനം സംസ്ഥാനക്കമ്മിറ്റിയും ശരിവെച്ചതാടെയാണ് ദേവരാജന്റെ പിന്മാറ്റം. പശ്ചിമ ബംഗാളില്‍ ഇടതുമുന്നണിക്കൊപ്പമാണ് ഫോര്‍വേഡ് ബ്ലോക്ക്.

കഴിഞ്ഞ തവണ ധര്‍മ്മടത്ത് മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മമ്പറം ദിവാകരന്‍ ഇനി തെരഞ്ഞെടുപ്പ് പോരിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദിന്റെ അടക്കം പേരുകള്‍ മണ്ഡലത്തിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു. ഷമയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞുപോയെന്ന ആക്ഷേപവും മറികടക്കാമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. 

നേമത്തേക്ക് കെ മുരളീധരന്‍ എംപിയെ കൊണ്ടുവന്നതുപോലെ, ധര്‍മ്മടത്ത് ഏതെങ്കിലും എംപിമാര്‍ മല്‍സര രംഗത്തെത്തുമോ  എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആകംക്ഷയോടെ ഉറ്റുനോക്കുന്നു. കണ്ണൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കരുത്തനായ കെ സുധാകരനെ രംഗത്തിറങ്ങിയാല്‍ കേരളം ഉറ്റുനോക്കുന്ന കരുത്തന്‍ പോരാട്ടമാകുമെന്ന് വിലയിരുത്തലുണ്ട്. സുധാകരന്‍ മല്‍സരിച്ചാല്‍ പിണറായിയെ മണ്ഡലത്തില്‍ തളച്ചിടാനാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

പിണറായി വിജയനെതിരെ കടലാസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ബിജെപി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനെയാണ് ധര്‍മ്മടത്ത് പോരിന് ബിജെപി ഇറക്കിയിരിക്കുന്നത്. അതേസമയം പാര്‍ട്ടി ഉരുക്കുകോട്ടയായ ധര്‍മ്മടത്ത് ഏത് വമ്പന്‍ എതിരാളിയായി വന്നാലും ഇടതുമുന്നണി അനായാസ ജയം നേടുമെന്നാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com