കോണ്‍ഗ്രസിന് കീറാമുട്ടിയായി ഇരിക്കൂര്‍ ; അനുനയത്തിന് വഴങ്ങാതെ പ്രവര്‍ത്തകര്‍ ; ചര്‍ച്ച പരാജയം

സജീവ് ജോസഫിന് വിജയസാധ്യത ഇല്ലെന്നും, വിജയസാധ്യതയുള്ള ആളെ ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥി ആക്കണമെന്നുമാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്
ചര്‍ച്ചയ്ക്ക് ശേഷം എംഎം ഹസ്സനും കെ സി ജോസഫും/ ടെലിവിഷന്‍ ചിത്രം
ചര്‍ച്ചയ്ക്ക് ശേഷം എംഎം ഹസ്സനും കെ സി ജോസഫും/ ടെലിവിഷന്‍ ചിത്രം

കണ്ണൂര്‍ : നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇരിക്കൂര്‍ കോണ്‍ഗ്രസിന് കീറാമുട്ടിയാകുന്നു. പ്രാദേശിക നേതാക്കളുടെ താല്‍പ്പര്യം പരിഗണിക്കാതെ, സജീവ് ജോസഫിനെ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. സജീവ് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എ ഗ്രൂപ്പും രംഗത്തെത്തി. 

പ്രശ്‌നം തണുപ്പിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും സിറ്റിങ് എംഎല്‍എയായ കെ സി ജോസഫും ഇരിക്കൂറിലെത്തി ചര്‍ച്ച നടത്തിയെങ്കിലും, ചര്‍ച്ച ഫലം കണ്ടില്ല. മണിക്കൂറുകളോളമാണ് ഇവര്‍ ചര്‍ച്ച നടത്തിയത്. സ്ഥാനാര്‍ത്ഥിയായ സജീവ് ജോസഫിനെ അംഗീകരിക്കണമെന്ന നേതാക്കളുടെ ആവശ്യം അവര്‍ തള്ളി. 

സജീവ് ജോസഫിന് വിജയസാധ്യത ഇല്ലെന്നും, വിജയസാധ്യതയുള്ള ആളെ ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥി ആക്കണമെന്നുമാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. എ ഗ്രൂപ്പ് സോണി സെബാസ്റ്റ്യന്റെ പേരാണ് നിര്‍ദേശിച്ചിരുന്നത്. പ്രശ്‌നപരിഹാരം എന്ന നിലയില്‍ സോണി സെബാസ്റ്റ്യന് ഡിസിസി പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചെങ്കിലും അത് അദ്ദേഹവും തള്ളിക്കളഞ്ഞു. 

സജീവ് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. ഇരിക്കൂര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് കെ സുധാകരന്‍ എംപിയും ആവശ്യപ്പെട്ടു. സജീവ് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ എ ഗ്രൂപ്പ് രാപ്പകല്‍ സമരം ആരംഭിച്ചിരുന്നു. 

ചര്‍ച്ച പരാജയപ്പെട്ടട്ടില്ലെന്നും പ്രവര്‍ത്തകരുടെ വികാരം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം എം എം ഹസന്‍ പറഞ്ഞു. ഇനി ഇരിക്കൂറിലേക്കില്ലെന്നും, സമവായ സ്ഥാനാര്‍ഥിയായി താന്‍ വരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കെ സി ജോസഫ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com