സുരേന്ദ്രനുമായി സംസാരിച്ചത് വെറും 15 സെക്കന്റ്; കല്‍പ്പറ്റ എംഎല്‍എയെ കണ്ടിരുന്നു; മണിക്കുട്ടന്‍ പണിയന്‍ തുറന്നുപറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 09:34 PM  |  

Last Updated: 16th March 2021 09:34 PM  |   A+A-   |  

manikkuttan_paniyan

മണിക്കുട്ടന്‍ പണിയന്‍ /ചിത്രം ഫെയ്‌സ്ബുക്ക്

 

കല്‍പ്പറ്റ: ഏതെങ്കിലും ബാഹ്യശക്തികള്‍ ഇടപെട്ടിട്ടല്ല മാനന്തവാടിയിലെ ബിജെപി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്ന് മണിക്കുട്ടന്‍ പണിയന്‍. ഫെയ്‌സ്ബുക്ക് ലൈവിലാണ് മണിക്കുട്ടന്റെ തുറന്നുപറച്ചില്‍. ബിജെപി വലിയ പ്രസ്ഥാനമാണെന്നും താന്‍ പറഞ്ഞത് തന്റെ ജനങ്ങളുടെ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മാനന്തവാടിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപി എടുത്തത് ചരിത്രപരമായ തീരുമാനമായിരുന്നു. ഇടത് വലത് പാര്‍ട്ടികള്‍ സ്വീകരിക്കാത്ത നിലപാടാണ് ബിജെപി സ്വീകരിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച്  പലരിലും തെറ്റിദ്ധാരണയുണ്ടായ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നതെന്ന് മണിക്കുട്ടന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയാകണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ച മുന്‍പ് ബിജെപി ജില്ലാനേതൃത്വം ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ തന്റെ നിലപാട് അവരെ അറിയിച്ചിരുന്നു. ബിജെപിയോട് യോജിപ്പില്ലെന്നും മത്സരിക്കാനില്ലെന്നുമായിരുന്നു അറിയിച്ചത്. എന്നാല്‍ ബിജെപി പട്ടിക പുറത്തുവന്നപ്പോള്‍ എന്റെ പേരും വന്നിരുന്നു. എന്റെ നിലപാട് അവരെ അറിയിച്ചിട്ടും എന്റെ പേര് വന്നത് എന്നില്‍ വല്ലാത്ത ഷോക്ക് ഉണ്ടാക്കി. ആ വാര്‍ത്ത വന്നതിന് പിന്നാലെ എന്റെ വീടിന് മുന്നില്‍ പ്രദേശത്തെ രണ്ട് ബിജെപി പ്രവര്‍ത്തകരും എത്തിയിരുന്നു.  അവരോടും താന്‍ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ പ്രദേശത്ത് വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനില്‍ നേതാക്കളുണ്ടെന്നും അവരോട പറയാനും അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ താന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. എന്റെ നിലപാട് അവരെ അറിയച്ചപ്പോള്‍ അവര്‍ക്കും ഞെട്ടലുണ്ടായി.  അവര്‍ കണ്‍വെന്‍ഷന്‍ പെട്ടെന്ന് അവസാനിപ്പിക്കുയും ചെയ്തു.

പിന്നീട് വീണ്ടും ജില്ലാ നേതാക്കന്‍മാരുമായി മണിക്കൂറുകള്‍ നേരം കൂടിക്കാഴ്ച നടത്തി. ആ സമയത്താണ് അവിടെയുള്ള നേതാവിന്റെ ഫോണിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിളിച്ചത്. 15 സെക്കന്റ് നേരം മാത്രമാണ് അദ്ദേഹം സംസാരിച്ചത്. എന്റെ അഭിപ്രായം കേള്‍ക്കാനുള്ള സമയം പോലും തിരക്ക് കാരണം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നെ അഭിനന്ദിക്കുക മാത്രമാണുണ്ടായത്. തന്റെ നിലപാട് അറിഞ്ഞതിന് പിന്നാലെ മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരെല്ലാം ഉണ്ടായിരുന്നു. അവരോട് എന്ത് പറയണമെന്ന് തനിക്കറിയില്ലായിരുന്നു. ഒടുവില്‍ മാനന്തവാടിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപി എടുത്ത തീരുമാനം ചരിത്രമാണെന്ന് പറയുകയും ചെയ്തു.

പിറ്റേദിവസം രാവിലെ കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ വിളിച്ചിരുന്നു. അദ്ദേഹത്തെ കാണണമെന്നും പറഞ്ഞു. അതനുസരിച്ച് അദ്ദേഹത്തെ കണ്ടിരുന്നു. അതിനിടെ മാധ്യമപ്രവര്‍ത്തകര്‍ തന്റെ ബൈറ്റും ഫോട്ടോയും എടുത്തിരുന്നു. ഉച്ചയോടെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു. നിങ്ങളുടെ ഫോട്ടായും വാചകവും സമൂഹമാധ്യമങ്ങളില്‍ വൈറലാണെന്ന് അറിയിച്ചതോടെയാണ് ആ വിവരം താന്‍ അറിഞ്ഞത്. താന്‍ ഇടത് നിരീക്ഷകനല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമില്ല. എന്നാല്‍ എന്റെതായ രാഷ്ട്രീയ നിലപാടുകളുമുണ്ട്. അംബേദ്ക്കറുടെ ആശയങ്ങളോട് ചേര്‍ന്ന് ജീവിക്കാനഗ്രഹിക്കുന്ന മനുഷ്യനാണ്. താന്‍ കാരണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തന്റെ
 അറിവോടെയല്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു.