കോൺ​ഗ്രസ് സ്ഥാനാർത്ഥി രണ്ട് സ്ഥലത്ത് വെയ്ക്കുന്ന കാലിന് ഉറപ്പുണ്ടോ? നേമത്തെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ- കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 12:01 PM  |  

Last Updated: 16th March 2021 12:01 PM  |   A+A-   |  

LDF and the BJP

കോടിയേരി ബാലകൃഷ്ണൻ/ ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഒരു കാല് ‍ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തുമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷ്ണൻ. അങ്ങനെ രണ്ട് സ്ഥലത്ത് വെയ്ക്കുന്ന കാലിന് ഉറപ്പുണ്ടാകുമോ. നിയമസഭയിലാണോ ലോക്‌സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടു മതി പോരാട്ടമെന്നും ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിൽ എംപി സ്ഥാനം രാജിവെച്ചല്ലേ മത്സരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. 

ഇടത് സ്ഥാനാർത്ഥിക്ക് തടിയും വണ്ണവും തൂക്കവും മറ്റുള്ളവരേക്കാൾ കുറവാണെന്നെ ഉള്ളൂ. രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നയാളാണ് ശിവൻകുട്ടി. കോൺഗ്രസിന്റെ സ്ഥാനാർത്ഥിക്ക് ജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിൽ എംപി സ്ഥാനം രാജിവെച്ചല്ലേ മത്സരിക്കേണ്ടത്. അങ്ങനയാണെങ്കിൽ അദ്ദേഹത്തെ അംഗീകരിക്കും. ഇപ്പോ രണ്ട് തോണിയിലല്ലേ കാല്. ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വെച്ചാൽ കാലിന് ഉറപ്പുണ്ടാവുമോയെന്നും കോടിയേരി ചോദിച്ചു.

കേരളത്തിൽ പൊതുവിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടം. എന്നാൽ നേമത്തെ കണക്ക് നോക്കുമ്പോൾ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം വരുന്നത്. കുന്ദമംഗലത്ത് കോലീബി സഖ്യമാണെന്ന ആരോപണവും കോടിയേരി ഉന്നയിച്ചു. 

ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ ബന്ധവും നീക്കുപോക്കും അണിയറ പ്രവർത്തനവും യുഡിഎഫിൽ നടക്കുകയാണ്. ഇടതു മുന്നണിക്ക് തുടർ ഭരണം ഉറപ്പാകുമെന്ന് വന്നപ്പോൾ രാഷ്ട്രീയമായി നടത്തുന്ന പാപ്പരത്വമാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടതു മുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഇത്തരം കുതന്ത്രങ്ങൾ കൊണ്ടൊന്നും ഇടതിന്റെ തുടർ ഭരണം അട്ടിമറിക്കാൻ ആവില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇടതു മുന്നണി പ്രവർത്തനം സംഘടിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

എല്ലാ സർവ്വേകളും ഇടതിന് തുടർ ഭരണമെന്നാണ്‌ പറയുന്നത്. നാല് വർഷം പൂർത്തിയാക്കുമ്പോൾ ഒരു സ്വകാര്യ ചാനൽ നടത്തിയ സർവേയിലാണ് ഇടതിന് തുടർ ഭരണം പ്രഖ്യാപിച്ചു തുടങ്ങിയത്. ഇപ്പോ എല്ലാ സ്വതന്ത്ര സർവേകളും അതുതന്നെയാണ് പറയുന്നത്. 

സർവേ റിപ്പോർട്ടുകളുടെ പിറകെ ഞങ്ങൾ പോകില്ല. പല സർവേ റിപ്പോർട്ടുകളും ഇതിനു മുൻപ് ഇടതു മുന്നണിയാണെന്ന പറഞ്ഞിട്ട് ഇലക്ഷന് രണ്ട് ദിവസം മുമ്പ് യുഡിഎഫാണെന്ന് പറയും. അങ്ങനെ ഒരു സ്ഥിതി ഉണ്ടാക്കാനും ഇടയുണ്ട്. അതുകൊണ്ട് സർവേ റിപ്പോർട്ടിന് പുറകെ പോവണ്ട എന്നാണ് ഇടതു പ്രവർത്തകർക്ക് നൽകുന്ന മുന്നറിയിപ്പെന്നും കോടിയേരി വ്യക്തമാക്കി.