ജോസ് കെ മാണിക്ക് 5.16 കോടി രൂപയുടെ സ്വത്ത്; മാണി സി കാപ്പന് 27.93 കോടി, ബാധ്യത 4.17 കോടി രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 09:25 AM  |  

Last Updated: 16th March 2021 10:35 AM  |   A+A-   |  

mani_c_kappan_and_jose_k_mani

മാണി സി കാപ്പന്‍, ജോസ് കെ മാണി/ഫയല്‍ ചിത്രം

 

കോട്ടയം: എല്‍ഡിഎഫിന്റെ പാലാ സ്ഥാനാര്‍ഥി ജോസ് കെ മാണിക്കും, കുടുംബത്തിനുമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 5.16 കോടി രൂപ. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവകകളെ സംബന്ധിച്ച് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. 

3.89 കോടി രൂപയുടെ ജംഗമസ്വത്തുണ്ട്. 1.27 കോടി രൂപയുടെ സ്ഥാവര സ്വത്താണ് കണക്കാക്കിയിരിക്കുന്നത്. ജോസിന്റേയും കുടുംബത്തിന്റേയും പേരില്‍ ബാധ്യതകളും, കേസുകളുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

27.93 കോടി രൂപയാണ് യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റേയും ഭാര്യ ആലിസിന്റേയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം. കാപ്പന്റെ പേരില്‍ 37.14 ലക്ഷം രൂപയുടേയും ഭാര്യയുടെ പേരില്‍ 36.14 ലക്ഷം രൂപയുടേയും ജംഗമ വസ്തുക്കളുണ്ട്. കാപ്പന് 16.70 കോടി രൂപയുടേയും, ഭാര്യക്ക് 10.50 കോടിയുടേയും ഭൂസ്വത്തുണ്ട്. 

4.17 കോടി രൂപയുടെ ആകെ ബാധ്യതയാണ് കാപ്പന്റേയും ഭാര്യയുടേയും പേരിലുള്ളത്. കാപ്പന് 92.19 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യതയും ഭാര്യക്ക് 78.44 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. 3.25 കോടി രൂപയുടെ ബാധ്യതാ തര്‍ക്കം കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.  

രാഷ്ട്രീയ കേസുകളില്‍ കാപ്പന്റെ പേരിലുള്ള അഞ്ചെണ്ണം പിഴ അടച്ച് തീര്‍പ്പാക്കി. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അഞ്ച് കേസുകളും, സ്വകാര്യ അന്യായം രണ്ടെണ്ണവും ഇപ്പോള്‍ നിലവിലുണ്ട്.