വടകരയില്‍ കെ കെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥി ; യുഡിഎഫ് പിന്തുണയ്ക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 01:02 PM  |  

Last Updated: 16th March 2021 01:02 PM  |   A+A-   |  

kk rema

കെ കെ രമ /ഫയല്‍ ചിത്രം

 

കോഴിക്കോട് : വടകരയില്‍ കെ കെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവാണ് രമയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. യുഡിഎഫ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് വേണു അറിയിച്ചു. 

കേരളത്തിന്റെ ചരിത്രത്തെ മാറ്റി മറിക്കുന്ന രാഷ്ട്രീയപോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ആ പോരാട്ടത്തില്‍ ആര്‍എംപി ചരിത്ര വിജയം നേടുമെന്ന് വേണു അവകാശപ്പെട്ടു. 

എസ്ഡിപിഐ അടക്കമുള്ള വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ചാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ ഇടതുപക്ഷത്തെ താഴെയിറക്കാന്‍ ആര്‍എംപിയെപ്പോലുള്ള ഇടതുപാര്‍ട്ടികള്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ല. 

അതിനാല്‍ അതിന് കഴിയുന്ന യുഡിഎഫ് പോലുള്ള ജനാധിപത്യപ്രസ്ഥാനങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. വടകരയിലെ രാഷ്ട്രീയപോരാട്ടം അര്‍ത്ഥപൂര്‍ണമാക്കാന്‍ യുഡിഎഫ് വാഗ്ദാനം ചെയ്ത പിന്തുണ സ്വീകരിക്കാന്‍ ആര്‍എംപി തീരുമാനിച്ചെന്നും വേണു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.