കളമശേരിയിലെ മുസ്ലീം ലീഗ് പ്രതിസന്ധി: ജില്ലാ ഭാരവാഹികള്‍ ഇന്ന് പാണക്കാട്; സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് സൂചന
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th March 2021 08:08 AM |
Last Updated: 16th March 2021 08:08 AM | A+A A- |

അബ്ദുൽ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ അഹമ്മദ് കബീർ വിഭാഗം തിങ്കളാഴ്ച ചേർന്ന സമാന്തര കൺവൻഷൻ/ഫോട്ടോ: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
കൊച്ചി: കളമശ്ശേരിയിലെ മുസ്ലീം ലീഗ് സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിസന്ധി തുടരുന്നു. മുസ്ലീം ലീഗ് സ്ഥാനാർത്ഥി വി ഇ അബ്ദുൾ ഗഫൂറിനെതിരായ പ്രതിഷേധം കൂടുതൽ രൂക്ഷമാവുകയാണെങ്കിലും, സ്ഥാനാർഥിയെ മാറ്റേണ്ടതില്ലെന്നാണ് മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിലപാടെന്നാണ് സൂചന.
സ്ഥാനാർത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എറണാകുളം ജില്ലാ ഭാരവാഹികൾ ഇന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണും. ജില്ലാ പ്രസിഡൻറ് അബ്ദുൽ മജിദിൻറെ നേത്യത്വത്തിലുള്ള സംഘമാണ് പാണക്കാട് എത്തുന്നത്. വി.കെ. ഇബ്രാഹിം കുഞ്ഞിൻറെ മകന് പകരം പകരം മങ്കട എംഎൽഎ , ടി എ അഹമ്മദ് കബീറിനെ കളമശ്ശേരിയിൽ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുക.
അബ്ദുൽ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ അഹമ്മദ് കബീർ വിഭാഗം തിങ്കളാഴ്ച സമാന്തര കൺവൻഷൻ വിളിച്ചിരുന്നു. 500 ലേറെ പേർ കൺവെൻഷനിൽ പങ്കെടുത്തു. പാലാരിവട്ടം പാലം അഴിമതി ചർച്ചയാകുന്ന സാഹചര്യത്തിൽ ഇബ്രാഹീം കുഞ്ഞിന്റെ മകൻ സ്ഥാനാർത്ഥിയാകുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്.