മുരളീധരന്‍ കരുത്തനെന്ന് ഒ രാജഗോപാല്‍ ; അല്ലെന്ന് കുമ്മനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 11:29 AM  |  

Last Updated: 16th March 2021 11:29 AM  |   A+A-   |  

kummanam

കുമ്മനവും രാജഗോപാലും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു / ഫെയ്‌സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം : നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ശക്തനായ രാഷ്ട്രീയ പ്രതിയോഗിയാണെന്ന്  ബിജെപിയുടെ സിറ്റിങ് എംഎല്‍എ ഒ രാജഗോപാല്‍. സാക്ഷാല്‍ കെ കരുണാകരന്റെ മകനാണ്. ശക്തമായ രാഷ്ട്രീയപാരമ്പര്യമുള്ള നേതാവാണ് മുരളീധരന്‍ എന്നും രാജഗോപാല്‍ പറഞ്ഞു. 

പ്രചാരണത്തിന് തുടക്കമിടും മുന്‍പ് തന്നെ വന്നു കണ്ട നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ സാക്ഷിനിര്‍ത്തിയായിരുന്നു രാജഗോപാലിന്റെ പ്രതികരണം. കെ മുരളീധരന്‍ ബിജെപിക്ക് ശക്തനായ രാഷ്ട്രീയ പ്രതിയോഗിയാണ്. പക്ഷേ, അദ്ദേഹം പിന്തുണയ്ക്കുന്നതു നമ്മള്‍ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെയല്ല. അദ്ദേഹം കോണ്‍ഗ്രസിന്റെ ആളാണ്. അദ്ദേഹത്തിന് അങ്ങനെ പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ടെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

ഇത്തവണ മല്‍സരിക്കാനില്ലെന്ന് താന്‍ തന്നെയാണ് പാര്‍ട്ടിയോട് പറഞ്ഞത്. നേരത്തെ തോല്‍ക്കുമെന്ന് ഉറപ്പായ അവസരത്തിലും മല്‍സരിക്കുമായിരുന്നു. മല്‍സരത്തിനില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കും. തനിക്ക് കിട്ടിയ അത്രയും വോട്ടുകള്‍ കുമ്മനത്തിന് കിട്ടുമോ എന്ന് അറിയില്ലെന്നും രാജഗോപാല്‍ പറഞ്ഞു. 

രാജഗോപാലിന്റെ പ്രസ്താവന തള്ളി നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. കെ മുരളീധരന്‍ ശക്തനല്ല. രാഷ്ട്രീയ നിലപാടിലും ജനങ്ങളോടുള്ള പ്രതിബദ്ധതയിലുമാണ് മുരളീധരന്‍ കരുത്തു കാണിക്കേണ്ടതെന്ന് കുമ്മനം പറഞ്ഞു. കാഴ്ചപ്പാട്, വീക്ഷണം, സമീപനം ഇവയൊക്കെയാണ് കരുത്ത് തെളിയിക്കുന്നത്. അത് അദ്ദേഹം തെളിയിക്കട്ടെ. 

വട്ടിയൂര്‍ക്കാവില്‍ മല്‍സരിച്ച് ജയിച്ചിട്ട് അവിടത്തെ ജനങ്ങളെ ഉപേക്ഷിച്ച് വടകരയില്‍ പോയി. ഇപ്പോള്‍ അവിടത്തെ ജനങ്ങളെ മറന്ന് നേമത്ത് മല്‍സരിക്കുന്നു. മണ്ഡലം ഇടയ്ക്ക് ഉപേക്ഷിച്ചുപോകുന്നയാള്‍ക്ക് എന്ത് കരുത്ത് എന്നും കുമ്മനം ചോദിച്ചു. വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ അഞ്ചുവര്‍ഷത്തേക്ക് വിജയിപ്പിച്ചിട്ട് ഇടയ്ക്ക് വെച്ച് ഇട്ടിട്ട് വടകരയില്‍ പോയി. വട്ടിയൂര്‍ക്കാവിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. 

ഇപ്പോള്‍ വടകരയില്‍ നിന്നും രാജിവെക്കാതെയാണ് കെ മുരളീധരന്‍ നേമത്ത് മല്‍സരിക്കുന്നത്. ഇത് നേമത്തെ ജനങ്ങളെ വിശ്വാസമില്ലാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ വടകരയില്‍ രാജിവെച്ച് നേമത്ത് മല്‍സരിക്കാന്‍ വരുമായിരുന്നു. അതേസമയം തന്നെ സംബന്ധിച്ചിടത്തോളം നേമത്ത് വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. നേമം ബിജെപിയുടെ ഗുജറാത്താണെന്ന് പറഞ്ഞത് വികസനം മുന്‍നിര്‍ത്തിയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.