ചെണ്ട എല്ലാവര്‍ക്കും കിട്ടില്ല ; സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരാകും ; പിജെ ജോസഫ് ചിഹ്ന പ്രതിസന്ധിയില്‍

ഔദ്യോഗിക അംഗീകാരമുള്ള ചെറുപാര്‍ട്ടിയില്‍ ലയിക്കാനുള്ള സാധ്യതയാണ് ജോസഫ് തേടുന്നത്
പി ജെ ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ എന്നിവര്‍ / ഫയല്‍
പി ജെ ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ എന്നിവര്‍ / ഫയല്‍

തിരുവനന്തപുരം : രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിനാണെന്ന് സുപ്രീംകോടതിയും വിധിച്ചതോടെ പിജെ ജോസഫ് പക്ഷം ചിഹ്ന പ്രതിസന്ധിയിലായി. ഔദ്യോഗിക കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി പക്ഷമാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നവും ജോസിന് അനുവദിച്ചത്. ഇതിനെതിരെ പി ജെ ജോസഫ് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ശരിവെക്കുകയായിരുന്നു.

ഇതോടെ യുഡിഎഫിലുള്ള പിജെ ജോസഫ് കേരള കോണ്‍ഗ്രസ് ഔദ്യോഗിക പാര്‍ട്ടിയല്ലാതായി. പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ യുഡിഎഫില്‍ മല്‍സരിക്കുന്ന പത്തുപേരും ഫലത്തില്‍ സ്വതന്ത്രരാകും. ഇതോടെ ഇവര്‍ക്ക് വിപ്പ് ബാധകമാകില്ലെന്നത് യുഡിഎഫിനും തിരിച്ചടിയാണ്. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന് ചെണ്ട ചിഹ്നമായി അനുവദിച്ചിരുന്നു. രണ്ടില ജോസ് കെ മാണിക്ക് അനുവദിച്ചത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ അപ്പീല്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക പരിഗണന നല്‍കി പി ജെ ജോസഫ് പക്ഷത്തിന് ചെണ്ട അനുവദിച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പിജെ ജോസഫിനൊപ്പം മല്‍സരിക്കുന്ന എല്ലാവര്‍ക്കും ചെണ്ട ചിഹ്നമായി അനുവദിച്ചേക്കില്ല. 

സ്വതന്ത്രര്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്ന വ്യത്യസ്ത ചിഹ്നങ്ങളില്‍ ജനവിധി തേടേണ്ടി വരും. ഇതു മറികടക്കാന്‍ ഔദ്യോഗിക അംഗീകാരമുള്ള ചെറുപാര്‍ട്ടിയില്‍ ലയിക്കാനുള്ള സാധ്യതയാണ് ജോസഫ് തേടുന്നത്. കൂടാതെ, ചെണ്ടയ്ക്ക് പകരം സൈക്കിള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പൊതുവായി ആവശ്യപ്പെടാനുമാണ് ജോസഫും കൂട്ടരും ആലോചിക്കുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കാനും ജോസഫ് ആലോചിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com