നേമത്ത് പുതിയ ശക്തനെ ഇറക്കിയത് പോരാട്ടത്തിനോ?, ഒത്തുകളിക്കോ?; പിണറായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 07:19 PM  |  

Last Updated: 16th March 2021 07:19 PM  |   A+A-   |  

pinarayi

കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിനിടെ പിണറായി ചിത്രം ഫെയ്‌സ്ബുക്ക്‌

 

കണ്ണൂര്‍: കേരളത്തില്‍ ബിജെപി - കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തമാണെന്നും ഇരുകൂട്ടരും പരസ്പരം സഹായിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പ്രചാരണം പോലും ഇരു കൂട്ടരും പരസ്പര ധാരണയിലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. 

നേമം മണ്ഡലത്തിലെ മത്സരമാണ് ബിജെപിക്കെതിരായ തുറുപ്പുചീട്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആദ്യം അവര്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഒഴുകിപ്പോയ വോട്ടുകളെക്കുറിച്ചാണ് പറയേണ്ടത്. ആ വോട്ട് തിരിച്ചുപിടിച്ചാലല്ലേ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എത്തിയ നിലയുടെ ഏഴയലത്തെങ്കിലും എത്താന്‍ കഴിയൂ, മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ പരസ്പരം പരസ്പരം സഹായിക്കുകയാണ്. ഒരാള്‍ രാവിലെ ഒരു ആരോപണം ഉന്നയിക്കുന്നു. മറ്റേ കക്ഷിയുടെ ആള്‍ വൈകുന്നേരം അതേ ആരോപണം ആരോപിക്കുന്നു. ഇരു പാര്‍ട്ടി നേതാക്കളും മാറിമാറി ഇക്കാര്യം ചെയ്യുന്നത് നാട് ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നടന്നിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം ഇരുകൂട്ടരും നടത്തുന്നു. പരസ്പര ധാരണയിലാണ് പ്രചാരണം. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കുന്നില്ലെന്ന് ആരോപിച്ച് പിഎസ് സിക്കെതിരെ കടുത്ത ആരോപണമാണ് ഇവര്‍ അഴിച്ചുവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേമത്ത് പുതിയ ശക്തനെ ഇറക്കിയതുതന്നെ ഒരു യഥാര്‍ഥ പോരാട്ടത്തിനാണോ അതോ ഇവര്‍ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണോ എന്നത് വരും ദിവസങ്ങളിലേ വ്യക്തമാകൂ. കാരണം, നേമത്തെ നേരത്തെയുള്ള അനുഭവം വളരെ വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. കേരളത്തില്‍ ആദ്യമായി ബിജെപിക്ക് ഒരു സീറ്റുണ്ടാക്കിക്കൊടുത്തത് ആരായിരുന്നു എന്നത് നമ്മള്‍ കണ്ടതാണ്. സ്വന്തം വോട്ട് ബിജെപിക്ക് കൊടുത്തുകൊണ്ട് അതിനുള്ള അവസരം ഉണ്ടാക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇത് കോണ്‍ഗ്രസിന്റെ മറ്റൊരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒത്തുകളിയാണെന്ന കാര്യം അന്നേ വ്യക്തമായിരുന്നതാണ്. തങ്ങളുടേതെല്ലാം നല്‍കി ബിജെപിയെ വളര്‍ത്തി മതേതര കേരളത്തിന്റെ പ്രതിച്ഛായ തകര്‍ത്തി എന്ന തെറ്റ് ഏറ്റുപറയാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടുണ്ടോ എന്നും പിണറായി ചോദിച്ചു.