മോഹന്‍ലാലും ശ്രീനിവാസനും സിഐഡിമാരായി പോയതു പോലെ എളുപ്പമല്ല വിദേശത്തെ അന്വേഷണം; സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 10:25 AM  |  

Last Updated: 16th March 2021 10:54 AM  |   A+A-   |  

akkare_akkare_akkare

അക്കരെ അക്കരെ അക്കരെ സിനിമയില്‍നിന്നു രംഗങ്ങള്‍

 

കൊച്ചി: മോഹന്‍ലാലും ശ്രീനിവാസനും സിഐഡിമാരായ അക്കരെ അക്കരെ അക്കരെ സിനിമയിലേതു പോലെ എളുപ്പമല്ല വിദേശത്തെ കേസ് അന്വേഷണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍. സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷ്, പിഎസ് സരിത് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് എന്‍ഐഎ അഭിഭാഷകന്‍ അര്‍ജുന്‍ അമ്പലപ്പറ്റി കോടതിയില്‍ ഈ പരാമര്‍ശം നടത്തിയത്.

നാട്ടില്‍നിന്നു കാണാതായ സ്വര്‍ണക്കിരീടം തേടി മോഹന്‍ലാലും ശ്രീനിവാസനും അമേരിക്കയില്‍ അന്വേഷണത്തിനു പോവുന്നതാണ് സിനിമയിലെ കഥ. മലയാളി ഏറെ സ്വീകരിച്ച കഥാപാത്രങ്ങളായ ദാസനെയും വിജയനെയും പരാമര്‍ശിച്ചുകൊണ്ടാണ്, എന്‍ഐഎ അഭിഭാഷകന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കേസിനു രാജ്യാന്തര ബന്ധമുണ്ടെന്നു പറയുന്ന എന്‍ഐഎ കുറ്റപത്രത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. 

വിദേശത്തെ അന്വേഷണം സമയമെടുക്കുന്ന പ്രക്രിയയാണെന്ന് എന്‍ഐഎ അഭിഭാഷകന്‍ പറഞ്ഞ. എവിടെനിന്നൊക്കെയാണ് കള്ളക്കടത്തിനായി സ്വര്‍ണം വാങ്ങിയതെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി റിവേഴ്‌സ് ഹവാല വഴി പണം സമാഹരിച്ചതിനെക്കുറിച്ചു പരിശോധിച്ചു വരികയാണ്. യുഎഇ അധികൃതരുടെ മേല്‍നോട്ടത്തിലാണ് വിദേശത്തെ അന്വേഷണം നടത്തേണ്ടതെന്നും എന്‍ഐഎ അറിയിച്ചു. 

യുഎപിഎ പതിനഞ്ചാം വകുപ്പു പ്രകാരം ഭീകരതാ കുറ്റം ചുമത്താന്‍ സ്വര്‍ണക്കടത്തിലൂടെ നേടിയ പണം ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കണമെന്നില്ലെന്ന് എന്‍ഐഎ വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു അയച്ച കത്തിനു പുറമേ കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരങ്ങളും സ്വര്‍ണക്കടത്ത് കേസ് ഏറ്റെടുക്കാന്‍ കാരണമായിട്ടുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.