'ഇത്രയും സ്‌നേഹം കാണിച്ചതിന് അഗാധമായ കൃതജ്ഞത'; പ്രചാരണ വീഡിയോവരെ തയ്യാറാക്കി, ബിജെപിയുടെ വെട്ടലില്‍ ഞെട്ടി ബാലശങ്കര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 05:31 PM  |  

Last Updated: 16th March 2021 05:31 PM  |   A+A-   |  

balashankar

ആര്‍ ബാലശങ്കര്‍/ഫെയ്‌സ്ബുക്ക്‌


ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരില്ലാതെ വന്നതോടെയാണ് ആര്‍എസ്എസ് നേതാവും സംഘടനാ മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍ ബിജെപി നേതൃത്വത്തിന് എതിരെ പൊട്ടിത്തെറിച്ചത്. 

പ്രചാരണ വീഡിയോ വരെ ചെയ്തുവെച്ചതിന് ശേഷമാണ് സീറ്റില്ലെന്ന യാഥാര്‍ത്ഥ്യം ബാലശങ്കര്‍ മനസ്സിലാക്കിത്. പ്രചാരണത്തിനായി റെക്കോര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

ചെങ്ങന്നൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ച പാര്‍ട്ടി കേന്ദ്ര,സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നന്ദി പറയുന്നു' എന്നാണ് ബാലശങ്കര്‍ വീഡിയോയില്‍ പറയുന്നത്. 'ഇത്രയും സ്‌നേഹം കാണിച്ചതിന് കേന്ദ്രനേതൃത്വത്തോടുള്ള അഗാധമായിട്ടുള്ള കൃതജ്ഞത ഞാന്‍ അറിയിക്കുകയാണ്. ചെങ്ങന്നൂരിലെ പ്രവര്‍ത്തകര്‍ പൂര്‍ണ മനസ്സോടെ എനിക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ട്. നരേന്ദ്ര മോദി തുടങ്ങിവച്ച വികസനത്തിന്റെ അജണ്ട മുന്നോട്ടുകൊണ്ടുപോവുക.ഇതാണ് നമ്മുടെ ലക്ഷ്യം. ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനമായിരിക്കും ഞാന്‍ നടത്തുക' ബാലശങ്കര്‍ വീഡിയോയില്‍ പറയുന്നു. 

മണ്ഡലത്തിലെ മത-സാമുദായിക നേതാക്കളെ കാണുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു ബാലശങ്കര്‍. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പോസ്റ്റുകള്‍ ബാലശങ്കര്‍ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ഈ പോസ്റ്റുകള്‍ നീക്കം ചെയ്തു. 

എസ്എന്‍ഡിപിയും എന്‍എസ്എസും സഭകളും തന്നെ പിന്തുണച്ചിരുന്നതായും ചെങ്ങന്നൂര്‍ വിജയ സാധ്യതയുണ്ടായിരുന്ന മണ്ഡലമായിരുന്നുവെന്നും ബാലശങ്കര്‍ പറയുന്നു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തനിക്ക് വേണ്ടി എല്ലാ സഹായവും ചെയ്യണമെന്ന് പ്രാദേശിക ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയുടെ വക്താവ് ബാലശങ്കറിന് വേണ്ടി പരസ്യമായി പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ ബാലശങ്കറിനെ ഞെട്ടിച്ച്, ബിജെപി സംസ്ഥാന നേതൃത്വം ചെങ്ങന്നൂരില്‍ എം വി ഗോപകുമറിനെ സ്ഥാനാര്‍ത്ഥിയാക്കി. ഇതിന് പിന്നാലെയാണ് കേരളത്തിലെ ബിജെപി മുപ്പത് വര്‍ഷമായാലും രക്ഷപ്പെടില്ലെന്ന് പറഞ്ഞ് ബാലശങ്കര്‍ രംഗത്തെത്തിയത്. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നില്‍ ബിജെപി-സിപിഎം ഡീല്‍ ഉണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ ജയം ഉറപ്പാക്കുന്നതിനു പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീല്‍ എന്നും ബാലശങ്കര്‍ പറഞ്ഞു.