കണ്ടത് കാർ പോർച്ചിൽ, ആള് കൂടിയപ്പോൾ സുരക്ഷ തേടി മരത്തിന് മുകളിൽ; വീട്ടുകാരെ ഭീതിയിലാഴ്ത്തിയ രാജവെമ്പാല ഒടുവിൽ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 03:21 PM  |  

Last Updated: 16th March 2021 03:21 PM  |   A+A-   |  

King cobra King cobra finally caught

ടെലിവിഷൻ ദൃശ്യം

 

കൊച്ചി: വീട്ടുകാരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ രാജവെമ്പാലയെ ഒടുവിൽ പിടികൂടി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. കുട്ടമ്പുഴ അട്ടിക്കളത്തെ വീട്ടിലാണ് രാജവെമ്പാലയെ കണ്ടത്. പിടികൂടിയ രാജവെമ്പാലയെ മലയാറ്റൂർ മേഖലയിലെ ഉൾവനത്തിൽ തുറന്നു വിടും.

കോതമംഗംലം കുട്ടമ്പുഴ അട്ടിക്കളം സ്വദേശി രവിയുടെ വീടിൻറെ കാർപോർച്ചിലാണ് രാജവെമ്പാലയെ ആദ്യം കണ്ടത്.  ആളുകൾ കൂടിയതോടെ രാജവെമ്പാല കൂടുതൽ സുരക്ഷിത സ്ഥാനം തേടി പലയിടത്തേക്കും മാറി. പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും പാമ്പിനെ പിടികൂടാനായില്ല. 

അതിനിടെ രാജവെമ്പാല തൊട്ടടുത്തുള്ള കൊക്കോ മരത്തിൽ കയറി. പിന്നീട് കോടനാട് പ്രൊട്ടക്ഷൻ ഫോഴ്സിലെ ഫോറസ്റ്റ് ഓഫീസർ ജെബി സാബു എത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പത്ത് വയസ് പ്രായം തോന്നുന്ന 11 അടി നീളമുള്ള രാജവെമ്പാലയാണിത്. രാജവെമ്പാലയെ കോടനാട് ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. മലയാറ്റൂർ വനമേഖലയിലെ ഉൾവനത്തിൽ പാമ്പിനെ തുറന്നുവിടും.