ഔദ്യോഗിക അറിയിപ്പ് കിട്ടി; കഴക്കൂട്ടത്ത് മറ്റന്നാള്‍ പ്രചാരണം തുടങ്ങുമെന്ന് ശോഭാ സുരേന്ദ്രന്‍

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥി
ശോഭ സുരേന്ദ്രന്‍/ഫയല്‍ ചിത്രം
ശോഭ സുരേന്ദ്രന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ച് കേന്ദ്രനേതൃത്വത്തിന്റെ അറിയിപ്പ് കിട്ടിയതായും മറ്റന്നാള്‍ മുതല്‍ പ്രചാരണത്തിനിറങ്ങുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് ശോഭയ്ക്ക് സ്ഥാനാര്‍ഥിത്വം കിട്ടിയത്. 

കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയാവാന്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവുമെന്ന് ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് തുഷാറുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. ഇത് ശോഭയെ വെട്ടാനുള്ള ചരടുവലിയാണെന്നായിരുന്നു വാര്‍ത്തകള്‍. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആദ്യഘട്ടത്തില്‍ നിലപാടെടുത്ത ശോഭാ സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 
കഴക്കൂട്ടത്തു സ്ഥാനാര്‍ഥിയാവാന്‍ സന്നദ്ധത അറിയിച്ചിരുന്നു. നേതൃത്വം ബന്ധപ്പെട്ടിരുന്നെന്നും കഴക്കൂട്ടത്തു മത്സരിക്കാന്‍ തയാറാണെന്ന് അറിയിച്ചെന്നും ശോഭ തന്നെ മാധ്യമങ്ങളോടു പറയുകയും ചെയ്തു. എന്നാല്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ശോഭയുടെ പേര് ഉള്‍പ്പെട്ടില്ല.

ഇതിനിടെ ശോഭയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രാജിഭീഷണി മുഴക്കിയെന്നു വാര്‍ത്തകള്‍ വന്നു. ഇതു നിഷേധിച്ച് സുരേന്ദ്രന്‍ രംഗത്തുവന്നെങ്കിലും ഇരു നേതാക്കളും തമ്മിലുള്ള ഭിന്നത തുടരുകയാണെന്നു വ്യക്തം. കഴക്കൂട്ടത്ത് ശോഭ മത്സരരംഗത്ത് എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com