'തൃശൂര്‍ നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി; വിജയ സാധ്യത അല്ല മത്സര സാധ്യതയാണ് ഉള്ളത്'- സുരേഷ് ഗോപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 11:27 AM  |  

Last Updated: 16th March 2021 11:27 AM  |   A+A-   |  

'Thrissur was suggested by the Prime Minister

സുരേഷ് ​ഗോപി മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം

 

കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ എടുത്ത ശേഷം മാത്രമേ പ്രചാരണത്തിനായി തൃശൂരില്‍ എത്തൂവെന്ന് ചലച്ചിത്ര താരവും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുരേഷ് ഗോപി ആശുപത്രിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലായിരുന്നു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനത്തെ അനുസരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

നിലവില്‍ വിശ്രമം ആവശ്യമാണ്. കോവിഡ് വാക്സിന്‍ എടുത്തതിന് ശേഷമേ പ്രചാരണത്തിന് തൃശൂരില്‍ എത്താനാകു. അതിന് ആദ്യം വാക്സിന്‍ എടുക്കാനുള്ള ആരോഗ്യ സ്ഥിതിയിലേക്ക് എത്തണം. മത്സരിക്കേണ്ട എന്നു തന്നെയാണ് ഇപ്പോഴും നിലപാട്. നേതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് മത്സരിക്കുന്നത്. പാര്‍ട്ടി നാല് മണ്ഡലങ്ങളാണ് മുന്നോട്ടു വെച്ചത്. പക്ഷേ ഞാന്‍ എന്റെ നേതാക്കളോട് അവര്‍ പറയുന്ന എവിടെയും നില്‍ക്കാമെന്ന് പറഞ്ഞു. പക്ഷേ പ്രധാനമന്ത്രിക്ക് ഞാന്‍ തൃശൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. 

വിജയ സാധ്യതയെക്കുറിച്ച് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. വിജയ സാധ്യത അല്ല മത്സര സാധ്യതയാണ് ഉള്ളത്. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ലോക്സഭാ മണ്ഡലത്തിന് വേണ്ടിയാണ് നേരത്തെ പൊരുതിയത്. എന്നാല്‍ ഇപ്പോള്‍ അതിലൊരു മണ്ഡലത്തിന് വേണ്ടിയാണ് മത്സരത്തിനിറങ്ങുന്നത്. മണ്ഡലത്തില്‍ എത്തി എന്താണ് അവിടെ ഇല്ലാത്തത്, എന്താണ് ചെയ്യേണ്ടത് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നൊക്കെ ആലോചിക്കണം. വാഗ്ദാനങ്ങളല്ല, നടപ്പാക്കും എന്ന ഉറപ്പാണ് നല്‍കാന്‍ സാധിക്കുക. 

ലതിക സുഭാഷിന് സീറ്റ് നിഷേധിക്കപ്പെട്ട വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ലതിക സുഭാഷ് എന്നെക്കാള്‍ പ്രായത്തില്‍ ചെറുപ്പമാണ്. എന്റെ അമ്മയെ അവസാനമായി ഞാന്‍ കാണുന്നത് മുടി മുഴുവന്‍ മുറിച്ചിട്ടാണ്. അതുകൊണ്ട് തന്നെ വളരെ വിഷമം തോന്നി. 33 ശതമാനം സംവരണത്തിന് വേണ്ടി കേരളത്തില്‍ നിന്നുള്ള ഒരു എംപിക്ക് പോലും പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കാന്‍ ഇനി കഴിയില്ല. രാജ്യ സഭാ എംപി എന്ന നിലയിലുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തന്റെ പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.