'വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍'- വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പിണറായിക്കെതിരെ മത്സരിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 12:33 PM  |  

Last Updated: 16th March 2021 12:42 PM  |   A+A-   |  

walayar girls' mother to contest against Pinarayi

ഫയല്‍ ചിത്രം

 

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധര്‍മ്മടത്ത് മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കമെന്ന് അവര്‍ പ്രഖ്യാപിച്ചു. സംഘപരിവാര്‍ സംഘടനകളുടെ പിന്തുണ വേണ്ടെന്നും അവര്‍ നിലപാടെടുത്തു. 

കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞിട്ടും വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കിട്ടുന്ന അവസരമാണ് ഇതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള യാത്രക്കിടെ ധര്‍മ്മടം മണ്ഡലത്തില്‍ പോയിരുന്നു. അവിടെ കുറേ അമ്മമാര്‍ ഞങ്ങളെ സ്വീകരിച്ചു. അവര്‍ക്ക് ഞാനൊരു കത്ത് കൊടുത്തു. സ്വന്തം മക്കള്‍ക്ക് വേണ്ടി തല മുണ്ഡനം ചെയ്ത ഒരു അമ്മ നീതിക്ക് വേണ്ടി ഇതുവഴി വന്ന് പോയി എന്ന് മുഖ്യമന്ത്രിക്ക് വേണ്ടി വോട്ട് ചോദിക്കാനെത്തുന്നവരോട് പറയണമെന്ന് കത്തില്‍ ആവശ്യപ്പെട്ടതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. 

അതിന് ശേഷം അവിടെ നിന്ന് നിരവധി അമ്മമാര്‍ എന്നെ വിളിച്ചു. അമ്മയ്ക്ക് ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് വന്ന പറഞ്ഞുകൂട എന്ന് അവര്‍ ചോദിച്ചു. അതുകൊണ്ടാണ് അവിടെ മത്സരിക്കാന്‍ തീരുമാനിച്ചത്. സമര സമിതിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.