'വേറെ ആളുള്ളപ്പോള്‍ ഞാന്‍ വേഷം കെട്ടേണ്ടല്ലോ ?', ; ധര്‍മ്മടത്തേക്ക് ഇല്ലെന്ന് സുധാകരന്‍

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൃപ്തിയില്ലെന്ന് കെ സുധാകരന്‍
കെ സുധാകരന്‍ / ടെലിവിഷന്‍ ചിത്രം
കെ സുധാകരന്‍ / ടെലിവിഷന്‍ ചിത്രം

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കെ സുധാകരന്‍ എംപി. ധര്‍മ്മടത്ത് മല്‍സരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. താനും ആരോടും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഒരു ചര്‍ച്ച ഇപ്പോഴില്ലെന്ന് സുധാകരന്‍ പറഞ്ഞു. 

എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വേണ്ടി ആ ചലഞ്ച് ഏറ്റെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുധാകരന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.  ''നമുക്ക് ഇപ്പോള്‍ ഇവിടെ നിരവധി പേരുണ്ട്. അപ്പോള്‍ ഞാന്‍ വേഷം കെട്ടേണ്ടല്ലോ. ഞാന്‍ ഇപ്പോള്‍ എംപിയാണ്.'' സുധാകരന്‍ പറഞ്ഞു. ധര്‍മ്മടത്ത് യോഗ്യനായ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൃപ്തിയില്ലെന്ന് കെ സുധാകരന്‍ തുറന്നുപറഞ്ഞു. പട്ടികയില്‍ പോരായ്മയുണ്ട്. അക്കാര്യം തുറന്നു പറയുന്നതില്‍ ഭയപ്പാടുമില്ല, മടിയുമില്ല. ആരുടെ മുന്നിലും തുറന്നുപറയും. പറഞ്ഞിട്ടുമുണ്ട്. പോരായ്മകളുണ്ടെങ്കിലും ഈ പട്ടിക വച്ച് മുന്നോട്ടുപോകാനേ നിവൃത്തിയുള്ളൂ. പ്രശ്‌നങ്ങളും പരാതികളും നേതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയാണ് പാര്‍ട്ടിയുടെ ശൈലി.

എങ്കിലും വിജയപ്രതീക്ഷയുണ്ട്. പ്രതീക്ഷയ്ക്ക് കാരണം ഇപ്പോഴത്തെ രാഷ്ട്രീയസ്ഥിതിയാണ്. സ്ഥാനാര്‍ത്ഥി പട്ടിക രണ്ടാമത്തെ കാര്യം മാത്രമെന്ന് സുധാകരന്‍ പറഞ്ഞു. എ ഗ്രൂപ്പിന് ഡിസിസി പ്രസിഡന്റ് സ്ഥാനം നല്‍കുമോ എന്ന ചോദ്യത്തിന്, ഇതേക്കുറിച്ചൊന്നും ചര്‍ച്ചയുണ്ടായിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു.

ഇരിക്കൂര്‍ സീറ്റിനെച്ചൊല്ലിയുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എപ്പോഴും താന്‍ ശുഭാപ്തി വിശ്വാസിയാണ്. പ്രശ്‌നം തീരണം, തീര്‍ക്കണം. കെ സുധാകരന്‍ കാര്യങ്ങള്‍ അറിയാതെയാണ് പ്രതികരിക്കുന്നത് എന്നതു സംബന്ധിച്ച് രമേശ് ചെന്നിത്തലയുടെ പ്രസ്താവന താന്‍ കേട്ടില്ല. അങ്ങനെ ചെന്നിത്തല പറഞ്ഞെങ്കില്‍ അത് അദ്ദേഹത്തിന്റെ തോന്നലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും വന്ന തെറ്റായ പ്രസ്താവനയുമാണെന്ന് സുധാകരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com